മലകയറാൻ സി.ബി.ഐ വരട്ടെ
ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച അന്വേഷണം കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് ഇളക്കിയെടുത്ത സ്വർണപ്പാളി ചെമ്പെന്ന് രേഖപ്പെടുത്തി സ്വർണം പൂശാൻ അന്യ സംസ്ഥാനത്തേക്കാണ് കൊണ്ടുപോയത്. ഇതുസംബന്ധിച്ച് ഏറ്റവും കുറഞ്ഞത്, കേരളത്തിനു പുറമെ തമിഴ്നാട്ടിലും ആന്ധ്രയിലും വിശദമായ അന്വേഷണം വേണ്ടിവരും. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം നിലവിൽ അന്വേഷണം നടത്തിവരികയാണ്. രണ്ട് മുൻ ദേവസ്വം പ്രസിഡന്റുമാർ ഉൾപ്പെടെ ദേവസ്വം ബോർഡിലെ ഉന്നത തസ്തികകളിലിരുന്ന ഏതാനും ഉദ്യോഗസ്ഥരും കേസിൽ പ്രതികളാവുകയും, അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടം ഉള്ളതിനാൽ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നുതന്നെ കരുതാം. എന്നാൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്വേഷണവും തുടർ അറസ്റ്റുകളും മന്ദീഭവിപ്പിച്ചിരിക്കുകയാണെന്ന വിമർശനം ചിലർ ഉന്നയിക്കുന്നുണ്ട്.
ഇതിനിടെയാണ് സ്വർണപ്പാളികൾ വിദേശത്തേക്കു കടത്തി, 500 കോടിയുടെ പുരാവസ്തു തട്ടിപ്പ് നടത്തിയെന്ന ആരോപണം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ ഉന്നയിച്ചിരിക്കുന്നത്. വിദേശ മോഡൽ സ്വർണക്കൊള്ളയാണോ ശബരിമലയിൽ നടന്നതെന്ന സംശയം ആദ്യം ഉന്നയിച്ചത് ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെയാണ്. ശബരിമലയിലെ അമൂല്യ വസ്തുക്കൾ വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നത് പഴുതടച്ച അന്വേഷണത്തിലൂടെ ബോദ്ധ്യപ്പെടേണ്ട കാര്യമാണ്. അതാകട്ടെ, സംസ്ഥാന സർക്കാരിനു കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്ന കാര്യമല്ല. അന്യസംസ്ഥാനങ്ങളിലെ പൊലീസിന്റെയും അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുടെയും സഹായം അതിന് ആവശ്യമാണ്. അയ്യപ്പന്റെ സ്വർണം വിദേശത്തേക്കു കടത്തിയെന്ന് ബോദ്ധ്യപ്പെട്ടാൽ ഗുരുതരമായ ഭവിഷ്യത്തുകൾ സൃഷ്ടിക്കുന്ന സംഭവവികാസമായി ശബരിമലയിലെ സ്വർണക്കൊള്ള മാറുമെന്നതിൽ സംശയമില്ല.
അതിനാൽ അന്യ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഒരുപോലെ അന്വേഷണം നടത്താൻ പ്രാപ്തിയുള്ള സി.ബി.ഐ പോലുള്ള ഒരു ദേശീയ ഏജൻസി കേസ് അന്വേഷിക്കുന്നതാവും ജനങ്ങളിൽ കൂടുതൽ വിശ്വാസ്യത സൃഷ്ടിക്കാൻ പര്യാപ്തമാവുക. ആരോപണങ്ങളുടെ വെളിച്ചത്തിൽ പ്രഥമദൃഷ്ട്യാ ലഭിച്ച സൂചനകൾ വിലയിരുത്തി ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ നിന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ശബരിമല ക്ഷേത്രത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനകംതന്നെ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇൗ കേസിന്റെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുകയാണ്. കേസിന്റെ എഫ്.ഐ.ആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെ മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
കുറ്റകൃത്യങ്ങളിൽ ലഭിച്ച പണം എത്രയെന്ന് കണക്കാക്കുന്നതിനും ആ തുക കണ്ടുകെട്ടുന്നതിനും അധികാരമുള്ള ഏജൻസിയാണ് ഇ.ഡി. അയ്യപ്പന്റെ സ്വർണം കൊള്ള ചെയ്തതിന്റെയും വിദേശത്തേക്ക് കടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും പ്രതിഫലമായി ലഭിച്ച പണം കൈപ്പറ്റിയ ഒരാൾപോലും നിയമത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെടരുതെന്നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നത്. അത് തന്ത്രിയായാലും മന്ത്രിയായാലും കുറ്റം ചെയ്തെന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ പിടിക്കപ്പെടുക തന്നെ വേണം. വസ്തുതകളുടെയും തെളിവുകളുടെ പിൻബലത്തോടുകൂടിയ അന്വേഷണത്തിലുമാണ് ഇതൊക്കെ സംശയാതീതമായി തെളിയിക്കപ്പെടേണ്ടത്. അതിന് ഇന്ത്യയിലെ ഏറ്റവും വൈദഗ്ദ്ധ്യമുള്ള അന്വേഷണ ഏജൻസിയായ സി.ബി.ഐ തന്നെ വരുന്നതാവും ഉചിതം.