സത്യമേവ ജയതേ; ഡൽഹിയിലെ പാലവും
കൊണ്ടുനടന്നതും നീയേ ചാപ്പാ, കൊണ്ടുപോയ് കൊല്ലിച്ചതും നീയേ...! സ്ത്രീപീഡന വീരനായ രാഹുൽ മാങ്കൂട്ടത്തിലിന്റെ തനിനിറം അറിഞ്ഞിട്ടും കണ്ണടയ്ക്കുകയും, അനർഹമായ പദവികളിൽ എത്തിക്കാൻ വാശി പിടിക്കുകയും ചെയ്ത ഗോഡ്ഫാദർമാർ ഒടുവിൽ പടുകുഴിയിൽ ചാടിച്ചത് ശിഷ്യനെ മാത്രമല്ല, തങ്ങളെ വളർത്തി വലുതാക്കിയ പ്രസ്ഥാനത്തെ കൂടിയാണ്. എന്നിട്ടും, കോൺഗ്രസിന്റെ ഭാവി വാഗ്ദാനമായി എഴുന്നള്ളിച്ച് നടന്നവർ മാങ്കൂട്ടത്തിലിനെ തള്ളിപ്പറയാനോ, വാക്കുകൊണ്ടു പോലും നോവിക്കാനോ തയ്യാറാകാത്തതിലെ അന്തർധാര ചികയുന്നത് ചില 'ദോഷൈകദൃക്കകൾ! ഇതാണ് അനിയാ, സഹോദര സ്നേഹം!
കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് ടിയാനെ പടിയടച്ച് പിണ്ഡം വച്ചിട്ടു പോലും അവനെ അവർ തളിപ്പറഞ്ഞില്ല. മാത്രമല്ല, പൊലീസിന്റെ കണ്ണുവെട്ടിച്ച് കാറുകൾ മാറിക്കയറാനും ഒളിത്താവളങ്ങളിൽ പാർക്കാനും സംരക്ഷണ കവചമൊരുക്കിയതും സ്വന്തം കൂട്ടാളികളാണത്രേ. ശബരിമല സ്വർണക്കൊള്ള മറയ്ക്കാനും, തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ രാഹുൽ വിഷയം സജീവമായി നിറുത്താനുമാണ് രാഹുലിന്റെ അറസ്റ്ര് വൈകിച്ച് സർക്കാരും പൊലീസും ഒളിച്ചുകളിച്ചതെന്ന് പ്രതിപക്ഷം. മുഖം നഷ്ടപ്പെട്ട് ഇരു പക്ഷവും!
' ഹൂ കെയേഴ്സ്!" (ആര് ശ്രദ്ധിക്കാൻ?) കൈയിലിരിപ്പു കൊണ്ട്, ഉദിക്കും മുമ്പേ അസ്തമിച്ച യുവതാരം രാഹുൽ മാങ്കൂട്ടത്തിൽ, തനിക്കെതിരായ ചില പെൺകുട്ടികളുടെ ലൈംഗിക പീഡന ആരോപണങ്ങൾ വാട്സ്ആപ്പ് വഴി പുറത്തുവന്നപ്പോൾ നിസാരമായി തള്ളിക്കളഞ്ഞു. പക്ഷേ, 'വി കെയേഴ്സ്" (ഞങ്ങൾ ശ്രദ്ധിക്കുന്നു) എന്ന് പ്രധാന കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതിയും, പിന്നാലെ ഗത്യന്തരമില്ലാതെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കെ.പി.സി.സിയും പറഞ്ഞു.
ആദ്യം സസ്പെൻഷൻ. രണ്ടാമത്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദം രാജിവച്ച രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കൽ. മൂന്നാമത്തേത് അറ്റകൈ പ്രയോഗം. 'ഗംഭീരം" എന്നാണ് ഇതിനെ നേതാക്കൾ സ്വയം വിശേഷിപ്പിച്ചത്. കോൺഗ്രസിനല്ലാതെ മറ്റൊരു പാർട്ടിക്കും അതിനു കഴിയില്ലെന്നും, പീഡനക്കേസിൽ പ്രതിയായ എം.എൽ.എയെ സംരക്ഷിച്ച് നിറുത്തിക്കൊണ്ടാണ് മറ്റു ചിലർ സദാചാരം പറയുന്നതെന്നുമുള്ള വാക്കുകൾ ഉന്നം വയ്ക്കുന്നത് സി.പി.എമ്മിനെ തന്നെ.
അത്തരത്തിൽ രണ്ടു പേർ (എൽദോസ് കുന്നപ്പള്ളിയും എം. വിൻസെന്റും) കോൺഗ്രസിൽ ഇപ്പോഴും എം.എൽ.എമാരായി തുടരുന്നില്ലേ എന്നാണ് സി.പി.എം നേതാക്കളുടെ മറുചോദ്യം. ശബരിമല സ്വർണക്കൊള്ള കേസിൽ എന്നതുപോലെ ഈ കേസിലും കോടതി വിധി എതിരായാൽ പാർട്ടിയിലെ ഏത് ഉന്നതനെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും അവർ പറയുന്നു. അതുവരെ അവരെയൊന്നും കുറ്റവാളികളായി പാർട്ടി കാണുന്നില്ല. പിന്നെ, എന്തിന് നടപടി?
രാഹുലിന്റെ 'സ്ത്രീ വിഷയം" സംബന്ധിച്ച്, അയാൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റും എം.എൽ.എയും ആകുന്നതിന് മുമ്പുതന്നെ ഷാഫി പറമ്പിലിന് കത്ത് നൽകിയിരുന്നതാണെന്നും, അദ്ദേഹം അത് കേട്ടഭാവം കാണിച്ചില്ലെന്നുമാണ് പീഡനത്തിന് ഇരയായ കോൺഗ്രസ് ഭാരവാഹി കൂടിയായ ഒരു യുവതിയുടെ ആരോപണം. ഷാഫി അന്നേ ചെവിക്കു പിടിച്ചിരുന്നെങ്കിൽ! തുടക്കത്തിൽ ഷാഫിയും രാഹുലും ചേർന്ന പാർട്ടിയിലെ യൂത്ത് ബ്രിഗേഡിനെ ഒപ്പം നിറുത്താൻ ശ്രമിച്ച വി.ഡി. സതീശൻ കളം മാറ്റി ചവിട്ടി. രമേശ് ചെന്നിത്തലയ്ക്കും കെ. മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും വരെ പുള്ളിയുടെ 'രോഗം" പിടികിട്ടിയപ്പോൾ തള്ളിപ്പറയേണ്ടി വന്നു. അതിന്റെ പേരിൽ പാർട്ടിയിലെ രാഹുൽ ബ്രിഗേഡിന്റെ സൈബർ ആക്രമണം നേരിടേണ്ടിയും വന്നു. അപ്പോഴും ശിഷ്യനെ പൊതിഞ്ഞു പിടിക്കുകയായിരുന്നു ഷാഫി.
'കുട്ടികളെ അടിച്ചു വളർത്തണം; കറികൾ അടച്ചു വേവിക്കണം 'എന്നാണ് ചൊല്ല്. അല്ലെങ്കിൽ വഷളാവും. പിന്നെ, വലിച്ചെറിയേണ്ടി വരും. രാഹുലിന്റെ വഴിപിഴച്ച പോക്ക് കണ്ടില്ലെന്നു നടിച്ചവർക്കും ഈ പതനത്തിൽ നിന്ന് കൈ കഴുകി മാറാനാവില്ല. അന്തരിച്ച ഉമ്മൻചാണ്ടിയുടെ പിൻമുറക്കാരാവാൻ ശ്രമിച്ചവർ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം നിർദ്ദേശിച്ചയാളെ വെട്ടിയാണ് രാഹുലിനെ പ്രതിഷ്ഠിച്ചതെന്ന് പറയുന്നു. ഗുരുദക്ഷിണ ഇങ്ങനെ വേണം. സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത പ്രസ്ഥാനമെന്ന ദുഷ്പ്പേര് യൂത്ത് കോൺഗ്രസിനും പാർട്ടിക്കും മേൽ ചാർത്താൻ കുടപിടിച്ചത് അവരല്ലേ?
വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ വച്ചതിന്റെ ഫലമാണ് രാഹുൽ ഈശ്വർ എന്ന വിരുതനെ ഒടുവിൽ അഴിക്കുള്ളിലാക്കിയത്. നാടോടുമ്പോൾ നടുവെ ഓടുന്നതിനു പകരം കുറുകെ ഓടി ജനശ്രദ്ധ പിടിക്കാൻ ശ്രമിക്കുന്നവരിൽ ഒരാളാണല്ലോ ഈശ്വർ! ശബരിമല തന്ത്രി കുടുംബത്തിലെ അംഗമെന്ന് സ്വയം വിശേഷിപ്പിക്കുന്ന 'ഈശ്വരന്റെ" രംഗപ്രവേശം തന്നെ, 'അവിഹിത"ക്കേസിൽ കുടുങ്ങിയ ഒരു തന്ത്രിയുടെ സംരക്ഷകൻ ചമഞ്ഞുകൊണ്ടായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും തനിയാവർത്തനം. രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവനടിയെ പരസ്യമായി സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി അധിക്ഷേപിച്ച ഇയാൾ, ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചത് 'പുരുഷ സ്വാതന്ത്ര്യം" ആണത്രേ. അഖില കേരള പുരുഷ സ്വയം സഹായ സംഘത്തിന്റെ അദ്ധ്യക്ഷനായി സ്വയം ചമഞ്ഞു! യുവതിയുടെ പരാതിയിൽ കുടുങ്ങിയ 'ഈശ്വരൻ" അപ്പോഴും പറഞ്ഞത്, താൻ ഇനിയും പുരുഷ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമെന്നാണ്. സ്ത്രീ പീഡകരെ സംരക്ഷിക്കാനുള്ള ലൈസൻസാണോ പുരുഷ സ്വാതന്ത്ര്യം? റിമാൻഡിലായി കോടതിയിലേക്ക് പൊലീസ് കൊണ്ടുപോകുമ്പോൾ പറഞ്ഞത്, മഹാത്മാ ഗാന്ധിയെപ്പോലെ താനും ജയിൽവാസം വരിക്കുന്നു എന്നാണ്. അതുവഴി അപമാനിച്ചത് രാഷ്ട്രപിതാവിനെത്തന്നെ. അഴിക്കുള്ളിലെങ്കിലും പാഠം പഠിക്കുമോ ആവോ!
'യു ടൂ ബ്രിട്ടാസ്" എന്നാണ് രാജ്യസഭയിലെ സി.പി.എം അംഗം ജോൺ ബ്രിട്ടാസിനെക്കുറിച്ച് സി.പി.ഐ നേതാക്കളായ ബിനോയ് വിശ്വവും മറ്റും മുറുമുറുക്കുന്നത്. അമർഷം അവർ കടിച്ചൊതുക്കുന്നു. തിരഞ്ഞെടുപ്പല്ലേ; തമ്മിലടിയെന്നു പറയും, പത്രക്കാർ. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാനും, സമഗ്ര ശിക്ഷാ അഭിയാൻ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിനു കിട്ടാനും കേന്ദ്രത്തിൽ പാലമായി പ്രവർത്തിച്ച ബ്രിട്ടാസിന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെന്റിൽ നന്ദി പറഞ്ഞപ്പോഴാണ് 'പൂച്ച" പുറത്തുചാടിയത്!
സി.പി.ഐക്കാരെ ശരിക്കും പറ്റിച്ചതിൽ ഒന്നാം പ്രതി. കേരളത്തിനു വേണ്ടി താൻ ഇനിയും കേന്ദ്രത്തിൽ പാലമാവുമെന്ന് ബ്രിട്ടാസ്. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും. സി.പി.എം- ബി.ജെ.പി ഡീലിന്റെ ഇടനിലക്കാരനാണ് ബ്രിട്ടാസെന്ന് വി.ഡി.സതീശൻ.
നുറുങ്ങ്:
■ പീഡനക്കേസിൽപ്പെട്ട എം. മുകേഷ് എം.എൽ.എ പാർട്ടി അംഗമല്ലാത്തതിനാലാണ് നടപടി എടുക്കാത്തതെന്ന് എം.വി. ഗോവിന്ദൻ.
● സി.പി.എമ്മിന്റെ 'തീവ്ര മീറ്റർ" വച്ച് അളന്നു നോക്കിയപ്പോഴും മുകേഷിന്റേത് 'തീവ്രത" കുറഞ്ഞ പീഡനമെന്നായിരുന്നു കണ്ടെത്തൽ. അതുപോലെയാണോ രാഹുൽ?
(വിദുരരുടെ ഫോൺ: 99461 08221)