പോളിംഗ് ബൂത്തുകളെല്ലാം  ഹരിത മാനദണ്ഡങ്ങൾ പാലിച്ച്

Friday 12 December 2025 2:12 AM IST

കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പ് ഹരിതമയം. ഹരിത മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പോളിംഗ് ബൂത്തുകളിൽ ക്രമീകരണങ്ങൾ ഒരുക്കിയത്. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ 12 ഹരിത പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിരുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കി. ശുചിത്വ മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഹരിത തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. കൽപ്പറ്റ മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഉൾപ്പെടെയുള്ള പോളിംഗ് സ്റ്റേഷനുകളാണ് പൂർണ്ണമായും ഹരിതമയമായി മാറിയത്. സ്‌കൂൾ കവാടത്തിൽ വോട്ടർമാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകൾ മുതൽ കടലാസ്സുകൾ നിക്ഷേപിക്കാനുള്ള കുട്ടവരെ ഹരിതമയം. മുള, ഓല ,ഇല, സസ്യങ്ങളുടെ തണ്ടുകൾ എന്നിവ ഉപയോഗിച്ചാണ് വസ്തുക്കൾ നിർമ്മിച്ചത്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന പ്രമേയവുമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പിനെ തുടർന്ന് പോളിംഗ് ബൂത്തുകൾക്ക് പരിസരത്ത് മാലിന്യ കൂമ്പാരം കുമിഞ്ഞു കൂടുകയായിരുന്നു. ഇത്തവണ അത്തരം ഒരു കാഴ്ച ഉണ്ടായില്ല. വിവിധ പ്രദേശ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങളാണ് പോളിംഗ് ബൂത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് രംഗത്തിറങ്ങിയത്. മുന്നണികളും നല്ലപോലെ സഹകരിച്ചു. പ്രചാരണത്തിന് പരമാവധി കടലാസ് വസ്തുക്കളാണ് ഉപയോഗിച്ചത്.