രാഷ്ട്രപതി മണിപ്പൂരിൽ, 'ഒന്നിച്ചു മുന്നേറാം'
ന്യൂഡൽഹി: കലാപത്തിന്റെ മുറിവുകളുണക്കി ഭാവിയിലേക്ക് ഒന്നിച്ചു മുന്നേറാമെന്ന്, മണിപ്പൂരിലെ തന്റെ ആദ്യ സന്ദർശനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു. ഇംഫാലിലെ പോളോ ഗ്രൗണ്ടിൽ പോളോ പ്രദർശന മത്സരം വീക്ഷിച്ച ശേഷം സിറ്റി കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച പൗര സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. 'കലാപത്തിന്റെ കെടുതികളിലൂടെ കടന്നുപോയ മണിപ്പൂരി ജനതയുടെ വേദന മനസിലാക്കുന്നു. ജനങ്ങളുടെ ആശങ്കകൾ പരിഗണിക്കും. അതിനാണ് മുൻഗണന. മണിപ്പൂർ ജനത ഐക്യത്തിനും വികസനത്തിനും നൽകുന്ന പിന്തുണ തുടരണം. ഓരോ കുട്ടിക്കും സുരക്ഷിതത്വം തോന്നുന്ന, സ്ത്രീകൾ ശാക്തീകരിക്കപ്പെടുന്ന സംസ്ഥാനമാക്കി മാറ്റാൻ ഒരുമിച്ച് പ്രവർത്തിക്കാം. താഴ്‌വരകളിലെയും കുന്നുകളിലെയും ജനങ്ങൾ ഐക്യത്തോടെ നീങ്ങി മണിപ്പൂരിനെ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഉന്നതിയിലേക്ക് കൊണ്ടുപോകുമെന്ന് ഉറപ്പുണ്ട്"-
രാഷ്ട്രപതി പറഞ്ഞു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഇംഫാലിലെത്തിയ മുർമുവിന് ഊഷ്‌മളമായ സ്വീകരണമാണ് ഒരുക്കിയത്. ഗവർണർ അജയ് കുമാർ ഭല്ല സ്വീകരിച്ചു. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്‌ത മുർമു, ഇന്ന് ഇംഫാലിലെ നൂപി ലാൽ സ്‌മാരക സമുച്ചയം സന്ദർശിക്കും. സേനാപതിയിൽ പൊതുപരിപാടിയെ അഭിസംബോധന ചെയ്യും. ശേഷം ഡൽഹിക്ക് മടങ്ങും.
പലയിടത്തും പ്രതിഷേധം
രാഷ്ട്രപതി മടങ്ങുംവരെ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് തീവ്ര സംഘടനകൾ. മെയ്‌തി വിഭാഗത്തിലെ സായുധ ഗ്രൂപ്പുകളുടെ കൂട്ടായ്‌മയാണ് രംഗത്തുള്ളത്. ഇംഫാലിൽ ഇന്നലെ പലയിടങ്ങളിലും കടകൾ അടഞ്ഞുകിടന്നു. ചുരുക്കം വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. കുക്കി വിഭാഗത്തിന്റെ കൂട്ടായ്‌മ മുർമുവിന്റെ സന്ദർശനത്തെ സ്വാഗതം ചെയ്‌തു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ സന്നാഹവും ശക്തമാണ്. കലാപത്തിനു പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനമിപ്പോൾ രാഷ്‌ട്രപതി ഭരണത്തിലാണ്.