തിരുവല്ലത്തെ പുതിയ പാലം ഏപ്രിലിൽ തുറക്കും
നിർമ്മാണം അവസാന ഘട്ടത്തിൽ
വിഴിഞ്ഞം: തിരുവല്ലത്തെ പുതിയ പാലം ഏപ്രിലിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും. നിർമ്മാണ ജോലികൾ അതിവേഗം പുരോഗമിക്കുന്നു. സബ് സ്ട്രക്ചർ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിന്റെ 20 പൈലുകൾ പൂർത്തിയാക്കി. പിയർ ഗ്യാപ് ജോലികളാണ് പുരോഗമിക്കുന്നത്. 4 പിയർ ഗ്യാപുകളിൽ 2 പിയർ ഗ്യാപുകളുടെ നിർമ്മാണം പൂർത്തിയാക്കി.
കഴിഞ്ഞ വർഷം അവസാനത്തോടെയാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇടയ്ക്ക് കേന്ദ്ര
വകുപ്പിന്റെ സംരക്ഷണയിലുള്ള ക്ഷേത്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ അവരറിയാതെ പണികൾ നടത്താൻ പാടില്ലെന്നുകാണിച്ച് ജനുവരിയിൽ നിർമ്മാണം തടസപ്പെടുത്തിയിരുന്നു. ഇതോടെ കാലാവധിക്കുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്കയും ഉയർന്നു. ഇവിടെ നിർമ്മാണം നടത്തുന്നതിനുള്ള അനുമതിക്കായി എൻ.എച്ച്.എ കേന്ദ്ര പുരാവസ്തു വകുപ്പിന് അപേക്ഷ നൽകിയതോടെ നിർമ്മാണം നടത്താൻ വാക്കാലുള്ള അനുമതി ലഭിച്ചു.
നിർമ്മാണം പുരോഗമിക്കുന്നു
തിരുവല്ലത്ത് അപകടങ്ങൾ ഒഴിവാക്കുന്നതിനായാണ് നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത്. പുതിയ സർവീസ് റോഡ് നിർമ്മാണവും പുരോഗമിക്കുന്നു. ഇരുവശത്തുമായി 350 മീറ്റർ വീതിയിൽ സർവീസ് റോഡ് ഉണ്ടാകും. ഇവ ചരിച്ച് പാലത്തിൽ കയറുന്ന രീതിയിലാണ് നിർമ്മാണം. റോഡിന് ഒന്നരമീറ്റർ വീതിയിൽ നടപ്പാത നിർമ്മിക്കും. ഇതോടെ പുതിയ പാലത്തിന് 5മീറ്റർ വീതി മാത്രമാണ് ഉണ്ടാവുക. വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ ആറിന് കുറുകെ സ്ഥാപിച്ചു. പാലത്തിനായുള്ള പൈലിംഗ് ജോലികൾ പൂർത്തിയായി.
നിർമ്മാണകാലാവധി... 18 മാസം
പാലത്തിന്റെ വീതി....... 8 മീറ്റർ
നീളം...... 120 മീറ്റർ
നേട്ടങ്ങൾ
പാലം വരുന്നതോടെ ഗതാഗതക്കുരുക്ക് മാറിക്കിട്ടും. പരിചയമില്ലാത്ത യാത്രക്കാർ തിരുവല്ലം ജംഗ്ഷനെത്തിയാൽ എങ്ങോട്ട് പോകണമെന്നറിയാതെ ബുദ്ധിമുട്ടുന്നു. ഈ ബുദ്ധിമുട്ടിനും പരിഹാരമാകും. പാലം കഴിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള റോഡിലേക്ക് തിരിയുന്ന ഭാഗത്ത് അപകടങ്ങൾ പതിവായിരുന്നു. സ്ഥിരമായി പൊലീസിനെ നിയമിച്ചിട്ടും അപകടം കുറഞ്ഞിരുന്നില്ല. പാലം വരുന്നതോടെ ഇതിന് ആശ്വാസമാകും.