പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്നു; വിഷം ഏതെന്ന് തിരിച്ചറിയാന്‍ ഇനി എളുപ്പം

Friday 12 December 2025 1:07 AM IST

ബംഗളൂരു: പാമ്പ് കടിയേറ്റുള്ള മരണം രാജ്യത്ത് ആശങ്കാജനകമായി ഉയര്‍ന്ന സാഹചര്യത്തില്‍ പാമ്പിന്റെ വിഷം സ്ഥിരീകരിക്കാന്‍ ലളിതമായ മാര്‍ഗം കണ്ടെത്തി കര്‍ണാടകയിലെ ഒരു കൂട്ടം ഗവേഷകര്‍. സ്നേക്ക് വെനം റാപ്പിഡ് ടെസ്റ്റ് കിറ്റ് എന്നാണ് ഇതിന്റെ പേര്. പ്രെഗ്‌നന്‍സി ടെസ്റ്റ് പോലെ ലളിതമാണിത്. പാമ്പ് കടിയേറ്റാല്‍ ശരീരത്തില്‍ വിഷമുണ്ടോ ഇല്ലയോ എന്ന് രണ്ട് മിനിറ്റിനുള്ളില്‍ കണ്ടെത്താമെന്നാണ് വാഗ്ദാനം.

നിലവില്‍, ശരീരത്തില്‍ വിഷമുള്ളതും വിഷമില്ലാത്തതുമായ അവസ്ഥ വേര്‍തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പരിശോധനയില്ല. പാമ്പ് കടിയേല്‍ക്കുമ്പോള്‍ ഏറെ നേരം പരിഭ്രാന്തിയും ആശയക്കുഴപ്പവും നിലനില്‍ക്കുന്നു. കടിച്ചത് വിഷപ്പാമ്പാണോ എന്ന് തിരിച്ചറിയുകയാണ് ഇതില്‍ പ്രധാനം.

ഇതിന് പരിഹാരമായി വികസിപ്പിച്ചതാണ് ഈ അതിവേഗ രോഗനിര്‍ണയ ഉപകരണം. പാമ്പ് കടിയേറ്റാല്‍ വിഷം പത്ത് മിനിറ്റിനുള്ളില്‍ ശരീരത്തില്‍ പടരാന്‍ തുടങ്ങും. കിറ്റുണ്ടെങ്കില്‍ കടിയേറ്റ വ്യക്തി ആശുപത്രിയിലെത്തുമ്പോള്‍ വിഷമുണ്ടോയെന്ന് തത്ക്ഷണം സ്ഥിരീകരിക്കാം.

ലോകത്ത് ആദ്യമായാണ് ഇത്തരമൊരു കിറ്റ്. ബംഗളൂരുവിലെ ഭട്ട് ബയോടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് പിന്നില്‍. രണ്ട് മാസത്തിനുള്ളില്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഡോ. വിവേക് വേയ്‌സ്, വിശാല്‍ കതാരിയ, പ്രദീപ് ദിവേറ്റ്, ജിതേന്ദ്ര ഹെഗ്ഡെ എന്നിവര്‍ സ്നേക്ക് വെനം റാപ്പിഡ് ടെസ്റ്റ് കിറ്റിന്റെ പേറ്റന്റ് നേടി.

# പരിശോധന ലളിതം

പാമ്പ് കടിയേറ്റയാളുടെ രണ്ട് തുള്ളി രക്തം ഉപകരണത്തിലേക്ക് കടത്തിവിടും

രണ്ട് വരകള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഫലം പോസിറ്റീവ്. അതായത് കടിച്ചത് വിഷപ്പാമ്പാണ്

രണ്ടാമത്തെ വര ദൃശ്യമാകുന്നില്ലെങ്കില്‍ ഫലം നെഗറ്റീവ്. ജീവന് അപകടമുണ്ടാകില്ലെന്ന് അര്‍ത്ഥം

# 100 ശതമാനം കൃത്യത

വിവിധ ആശുപത്രികളിലായി 300 പേരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ കിറ്റ് 100 ശതമാനം കൃത്യത കാണിച്ചെന്ന് നിര്‍മ്മാതാക്കളായ ഭട്ട് ബയോടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷാമ ഭട്ട് പറഞ്ഞു. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമാണ് കിറ്റ്.

# കാസര്‍കോട്ട് ജനനം

കാസര്‍കോട് ജനിച്ച ഷാമ ഭട്ട് സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഉഡുപ്പിയില്‍ ബിരുദം നേടി. മണിപ്പാലിലെ കെ.എം.സിയില്‍ നിന്ന് എം.എസ്സിയും പിഎച്ച്.ഡിയും നേടി. യു.എസിലെ യൂണിവേഴ്‌സിറ്റി ഒഫ് കണക്റ്റികട്ട് ഹെല്‍ത്ത് സെന്ററിലെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം 1983ല്‍ പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍ ന്യൂറോളജി പ്രൊഫസറായി. 1994ല്‍ മടങ്ങിയെത്തി ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയില്‍ ഭട്ട് ബയോടെക് സ്ഥാപിച്ചു. ഗര്‍ഭ പരിശോധനാ കിറ്റുകളും എച്ച്.ഐ.വി, ഡെങ്കി, ഹെപ്പറ്റൈറ്റിസ് തുടങ്ങി 85ഓളം അവശ്യ രോഗനിര്‍ണയ കിറ്റുകളും അവതരിപ്പിച്ചു.

# സര്‍ക്കാര്‍ തുടക്കത്തില്‍ കിറ്റ് എല്ലാവരിലേക്കും എത്തിക്കുമോയെന്ന് അറിയില്ല. ആശാ തൊഴിലാളികള്‍, ആംബുലന്‍സുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നല്‍കി ഉപയോഗ രീതി പരിശീലിപ്പിക്കാനാകും. വിഷത്തിന്റെ തരം തിരിച്ചറിയാനുള്ള നൂതന കിറ്റുകളും പുറത്തിറക്കും.