കുത്തേറ്റ് യുവാവ് മരിച്ചു

Friday 12 December 2025 1:11 AM IST

കോട്ടയം: സുഹൃത്തുക്കൾ തമ്മിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ് (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷിനെ പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9.30 ഓടെ മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡിലായിരുന്നു സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. തെക്കേക്കരയിൽ നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ ലെയ്ത്ത് വർക്കുമായി എത്തിയതായിരുന്നു ഉപകാരാറുകാരനായ ബിബിനും, ബിനീഷും. വീടിന്റെ പാലുകാച്ചൽ ഇന്നാണ്. ഇതിന്റെ സത്ക്കാര ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിവെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. കുത്തേറ്റ ബിബിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.