കൊച്ചിയിലെ ദമ്പതികളെ വെർച്വൽ അറസ്റ്റ് ചെയ്ത് 19.70 ലക്ഷം തട്ടി

Friday 12 December 2025 1:13 AM IST

കൊച്ചി: വയോധിക ദമ്പതികളെ വെർച്വൽ അറസ്റ്റ് ചെയ്ത് 19.70 ലക്ഷം രൂപ തട്ടിയെടുത്തു. കടവന്ത്ര എളംകുളത്ത് താമസിക്കുന്ന റിട്ട. അദ്ധ്യാപികയും ബിസിനസുകാരനായ ഭർത്താവുമാണ് തട്ടിപ്പിന് ഇരായയത്. നവംബർ 29 മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിൽ നടന്ന തട്ടിപ്പ് ഇന്നലെയാണ് പുറത്തായത്.

ദമ്പതികൾ തനിച്ചാണ് താമസമെന്ന് പൊലീസ് പറഞ്ഞു. ആദ്യം ടെലികോം വകുപ്പ് ഉദ്യോഗസ്ഥരെന്നും പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥരെന്നുമുള്ള വ്യാജേനയാണ് റിട്ട. അദ്ധ്യാപികയെ സംഘം വിളിച്ചത്. ന്യൂ‌ഡെൽഹി ടെലികോം വകുപ്പിലെ മേധാവി രാംശർമ്മ എന്ന പേരിലാണ് ആദ്യം വിളി വന്നത്. അദ്ധ്യാപികയുടെ ആധാർ കാർ‌ഡ് ഉപയോഗിച്ച് ആരോ സിംകാർഡ് തരപ്പെടുത്തിയിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു. ഈ സിംകാർഡ് ഉപയോഗിച്ച് ഫോണിൽ നിന്ന് നിരവധി പേർക്ക് ഭീഷണി കോളുകളും എസ്.എം.എസ് സന്ദേശങ്ങളും എത്തുന്നുണ്ടെന്നും സിം കാർഡിന്റെ ഉടമയ്ക്കെതിരെ കേസുണ്ടെന്നും അറിയിച്ചു. ഇതിനിടെ അദ്ധ്യാപിക ഫോൺ കട്ട് ചെയ്തു.

ഇതിനു ശേഷം ഉച്ചയ്ക്കാണ് മുംബയ് സി.ബി.ഐ യൂണിറ്റിൽ നിന്നെന്ന വ്യാജേന വാട്സാപ്പിൽ വീഡിയോ കോൾ എത്തിയത്. അദ്ധ്യാപികയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ 2 കോടി രൂപയുടെ ഇടപാട് നടന്നതായും ഇത് കള്ളപ്പണം വെളുപ്പിക്കലാണെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും അറിയിച്ചു. ഇയാൾ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു. അദ്ധ്യാപികയുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാനും അറസ്റ്റ് ഒഴിവാക്കാനും പണം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. തുടർന്നാണ് 29 മുതൽ 10 വരെ കാലയളവിൽ രണ്ട് തവണയായി പണം അയച്ചുകൊടുത്തത്.

ഇതിനിടെ ഭർത്താവിന്റെ അക്കൗണ്ട് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സംശയം തോന്നിയ ദമ്പതികൾ വൈറ്റിലയിൽ താമസിക്കുന്ന മകളെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇന്നലെ വൈകിട്ട് കടവന്ത്ര സ്റ്റേഷനിലെത്തി പരാതി നൽകി. കടവന്ത്ര പൊലീസ് കേസെടുത്തു.