പൊലീസുകാരന്റെ 4 ലക്ഷം തട്ടിയ എസ്.ഐ മുൻകൂർ ജാമ്യം തേടി
കൊച്ചി: സിറ്റി എ.ആർ ക്യാമ്പിലെ പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ പോയ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.കെ. ബൈജു മുൻകൂർ ജാമ്യം തേടി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അന്വേഷണ ഉദ്യോഗസ്ഥനായ പാലാരിവട്ടം എസ്.എച്ച്.ഒ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും.
നവംബർ 8ന് പാലാരിവട്ടത്തെ സ്പായിലെത്തിയ പൊലീസുകാരന്റെ പരാതിയിൽ എസ്.ഐ ബൈജു, സ്പാ നടത്തിപ്പുകാരായ രമ്യ, ഷിഹാം എന്നിവരെ പ്രതികളാക്കി 21നാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. മസാജ് ചെയ്യവേ താൻ ഊരിവച്ച സ്വർണമാല കാണാനില്ലെന്നും പകരം ആറു ലക്ഷം രൂപ നൽകിയില്ലെങ്കിൽ സ്പായിലെത്തിയ കാര്യം ഭാര്യയെയും വീട്ടുകാരെയും അറിയിക്കുമെന്നുമായിരുന്നു രമ്യയുടെ ഭീഷണി. പ്രശ്നത്തിൽ ഇടപെട്ട എസ്.ഐ ബൈജു പൊലീസുകാരനിൽ നിന്ന് 4 ലക്ഷം രൂപ വാങ്ങി. രമ്യയ്ക്കും ഷിഹാമിനും ഒരു ലക്ഷം വീതം നൽകിയ ശേഷം ബാക്കി സ്വന്തം കീശയിലാക്കിയെന്നാണ് കേസ്.
കെ.കെ. ബൈജു കേസിലെ മുഖ്യപ്രതിയാണെന്നും 4 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപ ഇയാൾ കൈക്കലാക്കിയതായും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ രമ്യയും ഷിഹാമും അറസ്റ്റിലായി. ബൈജുവിനെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു.