കുറിഞ്ഞിയിലെ ഒട്ടുപാൽ മോഷണം ഒടുവിൽ രാമപുരം പൊലീസ് കേസെടുത്തു, പരാധീനതകൾ നിരത്തി അന്വേഷണസംഘം
കുറിഞ്ഞി: പട്ടാപ്പകൽ നടന്ന ഒട്ടുപാൽ മോഷണം പോയ സംഭവത്തിൽ ഒടുവിൽ കേസെടുത്ത് രാമപുരം പൊലീസ്. മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതുടർന്നാണ് കേസെടുക്കാൻ പൊലീസ് തയാറായത്. പരാതിക്കാരനായ പയപ്പാർ അമ്പാട്ട് എ.ജി. പ്രസാദ് കുമാറിനെ ഇന്നലെ വൈകിട്ട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു. നവംബർ 28ന് മോഷണം സംബന്ധിച്ച് രാമപുരം പൊലീസിൽ ആദ്യം പരാതി നൽകിയത്. എന്നാൽ കൈപ്പറ്റ് രസീത് നൽകിയില്ല. പിന്നീട് ഡിസംബർ 3ന് രാമപുരം സ്റ്റേഷനിലെത്തി നിർബന്ധപൂർവ്വം ആവശ്യപ്പെട്ടപ്പോഴാണ് പരാതിയുടെ രസീത് കൊടുക്കാൻ പൊലീസ് തയ്യാറായതെന്ന് പ്രസാദ് പറഞ്ഞിരുന്നു. പ്രസാദ് റബർ ടാപ്പ് ചെയ്യുന്ന കുറിഞ്ഞി വരകപ്പള്ളിൽ റബർ തോട്ടത്തിലുള്ള വീട്ടുമുറ്റത്ത് നിന്നും കഴിഞ്ഞ മൂന്ന് തവണയായി വൻതോതിൽ ഒട്ടുപാൽ മോഷണം പോയിരുന്നു.
പരാധീനതകൾ നിരത്തി പൊലീസ്
വണ്ടിയോടിക്കാൻ പോലും ആളില്ല, പിന്നെ ഞങ്ങളെന്തുചെയ്യും!.
കേസെടുക്കാനോ പ്രതിയെ പിടികൂടാനോ കഴിയാതിരുന്നതിനെപ്പറ്റി നിരവധി പരാധീനതകളാണ് പരാതിക്കാരനോട് പൊലീസ് നിരത്തിയത്. വൈക്കത്തഷ്ടമി, പൈക ജൂബിലിത്തിരുന്നാൾ, തെരഞ്ഞെടുപ്പ് ഡ്യൂട്ടി തുടങ്ങിയവകൊണ്ട് തങ്ങൾ വലയുകയാണെന്നും അതിനാലാണ് കൂടുതൽ അന്വേഷണം നടത്താൻ കഴിയാതെ വന്നതെന്നും പൊലീസ് പറഞ്ഞതായി പ്രസാദ് കുമാർ വെളിപ്പെടുത്തി.
പല കേസുകൾക്കും തുമ്പുണ്ടായേക്കാം
സി.സി.ടി.വി ദൃശ്യത്തിൽ കണ്ട ഒട്ടുപാൽ മോഷ്ടാവിനെ പിടികൂടിയാൽ മറ്റ് പല കേസുകളിലും തുമ്പുണ്ടായേക്കാമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മേഖലയിൽ നടന്ന പല മോഷണകേസുകളിലും ഇയാൾ പ്രതിയാണെന്ന് നാട്ടുകാർ സംശയിക്കുന്നു.