ബെൽറ്റുകളിൽ ഒളിപ്പിച്ച് സ്വർണക്കടത്ത് വിമാന ജീവനക്കാരുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

Friday 12 December 2025 1:28 AM IST

ചെന്നൈ: വിമാന ജീവനക്കാരുൾപ്പെടെ വൻ സ്വർണക്കടത്ത് സംഘം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിയിൽ.

11.5 കോടി രൂപ വിലമതിക്കുന്ന 9.46 കിലോ സ്വർണം പിടിച്ചെടുത്തു. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ചെന്നൈ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റാണ് (എ.ഐ.യു) പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ എട്ടിന് ദുബായിൽനിന്ന് ചെന്നൈയിലെത്തിയ എമിറേറ്റ്സ് വിമാനത്തിലെ ജയ്പൂർ സ്വദേശിയായ ജീവനക്കാരനെ തടഞ്ഞുനടത്തി പരിശോധിച്ചപ്പോൾ നെഞ്ചിലും അരയിലും പ്രത്യേക ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സൂക്ഷിച്ചിരുന്ന 9.46 കിലോ സ്വർണം കണ്ടെത്തി. യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്ന മറ്റൊരു വിമാന ജീവനക്കാരനെയും സ്വർണം സ്വീകരിക്കാനെത്തിയ മൂന്ന് പേരെയും വിമാനത്താവളത്തോട് ചേർന്നുള്ള ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തു. എല്ലാവരെയും ജുഡിഷ്യൽ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി.