ഈ ഇല വീട്ടിലുണ്ടോ,​ എലിയെയും പാറ്റയെയും എളുപ്പത്തിൽ തുരത്താം,​ ശ്രദ്ധിക്കേണ്ടത് ഒറ്റക്കാര്യം

Friday 12 December 2025 2:22 AM IST

എലിയും പാറ്റയും പല്ലിയും ഉറുമ്പും എന്നുവേണ്ട ഓരോ വീട്ടിലും ക്ഷുദ്രജീവി ശല്യം പലപ്പോഴും രൂക്ഷമാകാറുണ്ട്. ഇതകറ്റാൻ കെമിക്കൽ സ്‌പ്രേകളും മരുന്നുകളും കെണിയുമെല്ലാം വച്ചാലും പിന്നെയും അവസരം കിട്ടുമ്പോൾ ഇവ തലപൊക്കും. എന്നാൽ ഇനി എലിയെ വീട്ടിൽ നിന്നും പുറത്താക്കാൻ അത്ര പ്രയാസം വേണ്ടിവരില്ല. നമ്മുടെ നാട്ടിലെല്ലാം കണ്ടുവരുന്ന ഒരു ചെടിയുടെ ഇല കൊണ്ട് ഏത് എലിയെയും ഓടിക്കാം. എലിയെ മാത്രമല്ല പാറ്റകളെയും തുരത്താൻ ഈ ഇലയ്‌ക്ക് കഴിയും.

നമ്മുടെ നാട്ടിലെ തൊടികളിലും തുറസായ സ്ഥലങ്ങളിലും കാണുന്ന എരിക്കിന്റെ ഇല ഉപയോഗിച്ചാണ് എലിയെ തുരത്താൻ കഴിയുക. രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്ന ഇലയാണ് എരിക്കിനുള്ളത്. ഒരു ഇലയെടുത്ത് കീറിയാൽ മുറിനിറയെ ഗന്ധം നിറയും. ഇത് എലിയ്‌ക്ക് തീരെ സഹിക്കാൻ കഴിയുന്ന മണമല്ല. എലി വരുന്ന അടുക്കളയിലെ ഭാഗങ്ങൾ പോടുകൾ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒരു എരിക്കിന്റെ ഇലയെടുത്ത് നുള്ളി കഷ്‌ണങ്ങളാക്കി ഇട്ടുനോക്കൂ. എലി പിന്നെ ശല്യം ചെയ്യില്ല.

ഇതേ വഴിതന്നെ പാറ്റശല്യമുള്ളയിടത്തും ചെയ്‌താൽ പാറ്റകളും ഓടിയൊളിക്കും. കൊച്ചുകുട്ടികൾ ഉള്ളഭാഗങ്ങളിൽ ഒരുകാരണവശാലും ഈ ഇലകൾ ഇടാതിരിക്കാൻ ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങളും ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.