കിണറ്റിൽ വീണ അഞ്ച് വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു 

Friday 12 December 2025 5:11 AM IST

കോട്ടയം: കളിയ്ക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് അഞ്ച് വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരൂർ പൂവത്തുംമൂട് വെട്ടിമറ്റത്തിൽ ഗിരീഷ് - അനിത ദമ്പതികളുടെ ഇളയമകൻ ദേവദത്ത് (5) ആണ് കിണറ്റിൽ വീണത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കൈവരി കെട്ടിയിരുന്നെങ്കിലും വീടിന്റെ മുറ്റം ഉയർത്തിയതിനെ തുടർന്ന് കൈവരികെട്ട് മുറ്റം നിരപ്പിന് സമാനമായിരുന്നു. കിണറിന്റെ പരിസരത്തു നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടി കാൽവഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തന്നെ കുട്ടി കിണറ്റിലേക്കിട്ടിരുന്ന കയറിൽ പിടിച്ചതിനാൽ വെള്ളത്തിൽ പൂർണ്മായും വീണില്ല. കുട്ടിയുടെ കരച്ചിൽ കേട്ടാണ് അസുഖ ബാധിതയായ അനിതയും മറ്റുള്ളവരും വിവരം അറിയുന്നത്. ഉടൻ തന്നെ വീട്ടുകാർക്കൊപ്പം ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് കുട്ടിയെ പുറത്തെടുത്തു. കിണറ്റിൽ വീണതിനെ തുടർന്ന് ഭയപ്പാടുണ്ടായെങ്കിലും കുട്ടിക്ക് സാരമായ പരിക്കുകളില്ല.