അതിവേഗ വിസാ പദ്ധതി: ട്രംപിന്റെ 'ഗോൾഡ് കാർഡ്" പ്രാബല്യത്തിൽ
വാഷിംഗ്ടൺ: സമ്പന്നരെയും നിക്ഷേപകരെയും ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവിഷ്കരിച്ച അമേരിക്കയുടെ ഫാസ്റ്റ്-ട്രാക്ക് വിസാ പദ്ധതിയായ 'ദ ട്രംപ് ഗോൾഡ് കാർഡ് " ഔദ്യോഗികമായി നിലവിൽവന്നു. വിദേശ നിക്ഷേപകർക്കുള്ള ഇ.ബി - 5 വിസ സംവിധാനത്തിന് ബദലാണ് ഗോൾഡ് കാർഡ്. സെപ്തംബറിലാണ് പദ്ധതിയുടെ രൂപീകരണം സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്. വിസയ്ക്ക് അപേക്ഷിക്കുന്നവർ പത്ത് ലക്ഷം ഡോളറോ ( 9 കോടിയിലേറെ രൂപ) അതിനുമുകളിലോ നൽകാൻ കഴിയുന്ന വ്യക്തികളോ കമ്പനികളോ ആകണം. സ്ഥിരതാമസം അടക്കം ഗ്രീൻ കാർഡ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് ഗോൾഡ് കാർഡ് വിസ. യു.എസ് പൗരത്വം നേടാനും ഇത് ക്രമേണ വഴിയൊരുക്കും. അപേക്ഷകർക്കായി പ്രത്യേക വെബ്സൈറ്റും തുറന്നു. അതേസമയം, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ടാലോ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാലോ സർക്കാർ വിസ റദ്ദാക്കും. അപേക്ഷകർ യു.എസിന്റെ നികുതി നിയമങ്ങൾക്ക് വിധേയമായിരിക്കും.
# 10 ലക്ഷം ഡോളർ സംഭാവന
1. അപേക്ഷിക്കുന്ന വ്യക്തികൾ യു.എസിൽ താമസിക്കാൻ യോഗ്യരായിരിക്കണം. കമ്പനികൾക്ക് വിദേശ ജോലിക്കാരെ എത്തിക്കാൻ ഈ വിസ അപേക്ഷിക്കാം. യു.എസിലുള്ളവർക്ക് പങ്കാളിയേയോ 21 വയസിൽ താഴെയുള്ള മക്കളെയോ വിസയിൽ എത്തിക്കാം
2. പ്രോസസിംഗ് ഫീ 15,000 ഡോളർ. വ്യക്തികൾ 10 ലക്ഷം ഡോളർ യു.എസ് ട്രഷറിയിലേക്ക് സംഭാവന നൽകണം. കമ്പനികൾ ഓരോ ജീവനക്കാർക്കും 20 ലക്ഷം ഡോളർ വീതവും നൽകണം. വിസാ, മെഡിക്കൽ പരിശോധനകളുമായി ബന്ധപ്പെട്ട മറ്റ് ഫീസുകളും ബാധകം