മ്യാൻമറിൽ ആശുപത്രിയിൽ ബോംബിട്ട് സൈന്യം: 34 മരണം
നെയ്‌പിഡോ: മ്യാൻമറിൽ ആശുപത്രിക്കുനേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ജീവനക്കാരും രോഗികളും അടക്കം 34 പേർ കൊല്ലപ്പെട്ടു. 68 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
റാഖൈൻ സംസ്ഥാനത്തെ മ്രൗക് യു പട്ടണത്തിൽ ബുധനാഴ്ച രാത്രി 9നാണ് സംഭവം. ഒരു സൈനിക ജെറ്റിൽ നിന്ന് ബോംബുകൾ വർഷിക്കുകയായിരുന്നു. 300 കിടക്കകളുള്ള ആശുപത്രി പൂർണമായും തകർന്നു. പട്ടാള ഭരണകൂടത്തിനെതിരെ പോരാട്ടം തുടരുന്ന വിമത ഗ്രൂപ്പായ അരാകൻ ആർമിയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ആശുപത്രിയുള്ളത്. മേഖലയിൽ ഏറ്റുമുട്ടലുണ്ടായിരുന്നില്ലെന്നും ആശുപത്രിയെ സൈന്യം തിരഞ്ഞെടുത്ത് ആക്രമിക്കുകയായിരുന്നെന്നും അരാകൻ ആർമി വക്താവ് പ്രതികരിച്ചു.
ഡിസംബർ 28 മുതൽ ജനുവരി 25 വരെ മൂന്ന് ഘട്ടങ്ങളായി പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് പട്ടാള ഭരണകൂടം പ്രഖ്യാപിച്ചിരിക്കെയാണ് ആക്രമണം. 2021ൽ പട്ടാളം അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അതേസമയം, ഭരണം ഉറപ്പിക്കാനുള്ള പട്ടാളത്തിന്റെ പുകമറയെന്നാണ് തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാർട്ടികളും വിമതരും വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഇവർ പറയുന്നു. രാജ്യത്തിന്റെ വെറും 21 ശതമാനം മാത്രമാണ് പൂർണമായും പട്ടാള ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ളതെന്നാണ് റിപ്പോർട്ട്. 42 ശതമാനം പ്രദേശം വിവിധ വിമത ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. തങ്ങളുടെ പ്രദേശങ്ങളിൽ തിരഞ്ഞെടുപ്പിന് അനുവദിക്കില്ലെന്ന് വിമതർ പറയുന്നു.
ദുരിതത്തിൽ
2021 ഫെബ്രുവരിയിലെ പട്ടാള അട്ടിമറിയെ തുടർന്ന് രാജ്യത്ത് ആഭ്യന്തര സംഘർഷം തുടരുന്നു. നോബൽ സമ്മാന ജേതാവ് ഓംഗ് സാൻ സൂചിയെ പുറത്താക്കിയാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. അഴിമതി അടക്കം വിവിധ കുറ്റങ്ങൾ ചുമത്തി ജയിലിലടച്ച സൂചിയെ കഴിഞ്ഞ വർഷം വീട്ടുതടങ്കലിലേക്ക് മാറ്റി
പ്രതിപക്ഷ പാർട്ടികൾക്കും വിമത സായുധ ഗ്രൂപ്പുകൾക്കുമെതിരെ സൈന്യത്തിന്റെ വ്യോമാക്രമണങ്ങൾ ശക്തം. സ്കൂളുകളും കടകളും ആരാധനാലയങ്ങളും ലക്ഷ്യമിടുന്നു. സാധാരണക്കാർ കൊല്ലപ്പെടുന്നു. പാരാഗ്ലൈഡറുകൾ വഴിയും ബോംബിടുന്നു. മാനുഷിക സാഹചര്യം ഗുരുതരമെന്ന് യു.എൻ അടക്കം അന്താരാഷ്ട്ര സംഘടനകൾ