യു.എസിന്റെ രഹസ്യ റിപ്പോർട്ട് പുറത്ത്: യുദ്ധമുണ്ടായാൽ ജയം ചൈനയ്ക്ക്
വാഷിംഗ്ടൺ: തായ്‌വാന്റെ പേരിൽ യുദ്ധമുണ്ടായാൽ ചൈനയ്ക്ക് യു.എസിനെ പരാജയപ്പെടുത്താൻ കഴിഞ്ഞേക്കുമെന്ന് സൂചിപ്പിക്കുന്ന രഹസ്യ റിപ്പോർട്ട് പുറത്ത്. അമേരിക്കൻ പ്രതിരോധ വകുപ്പ് തയ്യാറാക്കിയതെന്ന് പറയപ്പെടുന്ന അതീവ രഹസ്യ വിലയിരുത്തലിനെ പറ്റി ഒരു അമേരിക്കൻ മാദ്ധ്യമമാണ് പുറത്തുവിട്ടത്. യു.എസിന്റെ ആയുധ സംവിധാനങ്ങളും വിതരണ ശൃംഖലകളും സൈബർ പ്രതിരോധവും ചൈനയെ അപേക്ഷിച്ച് ദുർബലമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചൈന നാവിക ഉപരോധം ഒരുക്കിയാൽ അത് തകർക്കുന്നതിനിടെ യു.എസിന്റെ ഭാഗത്ത് 21,000 ഓളം പേർക്ക് ജീവൻ നഷ്ടമായേക്കാമെന്നും സൂചിപ്പിക്കുന്നുണ്ട്. തായ്‌വാന് സമീപം എത്തുംമുന്നേ യു.എസിന്റെ വിമാനവാഹിനികളെ തകർക്കാനുള്ള മിസൈലുകൾ ചൈനയുടെ പക്കലുണ്ട്. സൈനിക മേഖലയിൽ ചൈന കൈവരിച്ച സാങ്കേതിക പുരോഗതിയെ പറ്റിയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അതേ സമയം, റിപ്പോർട്ടിനോട് യു.എസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്‌വാനെ സ്വന്തം ഭാഗമായാണ് ചൈന കാണുന്നത്. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കാൻ മടിയില്ലെന്നാണ് ചൈനയുടെ നിലപാട്. വിഷയത്തിൽ ഇടപെടുകയോ തായ്‌വാനെ പിന്തുണയ്ക്കുകയോ പാടില്ലെന്ന് ചൈന യു.എസിന് മുന്നറിയിപ്പ് നൽകുന്നു.