വെനസ്വേല തീരത്ത് കപ്പൽ പിടിച്ചെടുത്ത് യു.എസ്
കാരക്കാസ് : വെനസ്വേല തീരത്ത് നിന്ന് എണ്ണ ടാങ്കർ യു.എസ് പിടിച്ചെടുത്തു. വെനസ്വേലയുടെ സമുദ്ര പരിധിക്ക് പുറത്തായിരുന്നു സംഭവം. വിദേശ തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കാൻ വെനസ്വേലയിൽ നിന്നും ഇറാനിൽ നിന്നും നിരോധിത എണ്ണ കടത്തുന്ന അനധികൃത ശൃംഖലയുടെ ഭാഗമാണ് കപ്പൽ എന്നാണ് യു.എസ് വാദം. മാർഷൽ ഐലൻഡ്സ് ആസ്ഥാനമായുള്ള കമ്പനിയുടേതാണ് കപ്പൽ. യു.എസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലെ കമാൻഡോ സംഘം ഹെലികോപ്റ്ററുകൾ വഴി കപ്പലിലേക്ക് ഇറങ്ങിയായിരുന്നു ദൗത്യം. 'സ്കിപ്പർ" എന്ന ഈ കപ്പലിന് 2022ൽ ഹിസ്ബുള്ള ബന്ധം ആരോപിച്ച് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. വെനസ്വേലയിൽ നിന്നുള്ള ഏകദേശം 18 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കപ്പലിലുണ്ടായിരുന്നെന്ന് കരുതുന്നു. യു.എസ് നടപടിയെ വെനസ്വേല സർക്കാർ ശക്തമായി അപലപിച്ചു. മയക്കുമരുന്ന് കടത്തിന്റെ പേരിൽ വെനസ്വേലയ്ക്ക് മേൽ യു.എസ് പിടിമുറുക്കുന്നതിനിടെയാണ് പുതിയ നടപടി.