നിർത്തിയിട്ടിരുന്ന തടിലോറിയിലേക്ക് കാർ ഇടിച്ചുകയറി; മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു, രണ്ട് മലയാളികൾക്ക് ഗുരുതര പരിക്ക്
ചെന്നൈ: തിരുപ്പോരൂരിൽ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടിലോറിയിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയും വെല്ലൂർ സ്വദേശിനിയുമായ മിസ്‌ബ ഫാത്തിമ (21) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ മലയാളി വിദ്യാർത്ഥികളായ നവ്യ (21), മുഹമ്മദ് അലി (21) എന്നിവരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്ത് വിദ്യാർത്ഥികൾ രണ്ട് കാറുകളിലായി മഹാബലിപുരത്ത് പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മിസ്‌ബ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
ക്രോംപേട്ട് ബാലാജി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കാർ പൂർണമായും തകർന്നു. റോഡിൽ അനധികൃതമായി ലോറി പാർക്ക് ചെയ്‌തിരുന്നതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.