വിധി പറയുന്നതിന് ഒരാഴ്ച മുമ്പ് വിധിയുടെ വിശദാംശങ്ങൾ അടങ്ങിയ കത്ത്, പിന്നിൽ ആര്? കേസിൽ തന്നെ കുരുക്കാൻ ശ്രമിച്ചെന്ന് സംവിധായകൻ
ഈ മാസം ഏട്ടാം തീയതിയായിരുന്നു നടിയെ ആക്രമിച്ച കേസിൽ വിധി വന്നത്. എന്നാൽ ഇതിന് ഒരാഴ്ച മുമ്പ് 'ഇന്ത്യൻ പൗരൻ' എന്ന പേരിൽ ഒരു കത്ത് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. കേസിൽ തന്നെയും കുടുക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. 'നടിയെ ആക്രമിച്ച കേസിന്റെ വിധിയുടെ വിശദാംശങ്ങൾ വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് ലഭിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി രംഗത്തുവന്നു. ഡിസംബർ രണ്ടാം തീയതി ഇന്ത്യൻ പൗരൻ എന്ന പേരിൽ അയച്ച കത്താണ് ലഭിച്ചതെന്നും കേസിലെ ആദ്യ ആറ് പ്രതികളും കുറ്റക്കാരാകുമെന്നും ഏഴും എട്ടും പ്രതികളെ കുറ്റവിമുക്തരാക്കുമെന്നും കത്തിലുണ്ടെന്ന് അദ്ദേഹം പറയുന്നു. വിധി പ്രസ്താവിച്ചപ്പോൾ ഇത് സത്യമാണെന്ന് മനസിലാക്കിയ അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് കൈമാറിയെന്നും പറയുന്നു.
വിചാരണക്കോടതി ജഡ്ജിയുടെ സുഹൃത്തായ ഷെർലിയെക്കൊണ്ടാണ് വിധി എഴുതിച്ചതെന്നും കേസിലെ പ്രതിയായ ശരത്തുമായി ചേർന്ന് കച്ചവടമുറപ്പിച്ചെന്നും കത്തിലുണ്ട്. ജസ്റ്റിസ് കമാൽ പാഷയ്ക്കും ഇതുപോലൊരു കത്ത് ലഭിക്കുകയുണ്ടായി. അദ്ദേഹം ആദ്യം അത് അവഗണിക്കുകയും എന്നാൽ വിധി വന്നപ്പോൾ അത്ഭുതപ്പെടുകയും ചെയ്തു. ഈ കത്തിന് പിന്നിൽ ആരായാലും അയാൾ കൃത്യമായി നീതിയും നിയമവുമായി ബന്ധപ്പെട്ടവരെ വിവരമറിയിക്കണമെങ്കിൽ അയാൾ ഈ കേസിൽ അതീജിവിതയ്ക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നയാളും, നീതി നിർവഹണം നേരായ വഴിയിൽ നടപ്പാക്കണമെന്ന ആഗ്രഹമുള്ളയാളുമായിരിക്കും. വിധിയുടെ ചോർച്ചയും കത്തിലെ ചേർച്ചയുമെല്ലാം മെമ്മറി കാർഡിലെ ചോർച്ചപോലെ എങ്ങുമെത്താതെ അവസാനിപ്പിക്കാനാണ് വിധിയെന്നോർത്ത് നമുക്ക് സമാധാനിക്കാം.'- അദ്ദേഹം പറഞ്ഞു.
കേസിൽ തന്നെ കുടുക്കാൻ ശ്രമിച്ചെന്നും ആലപ്പി അഷ്റഫ് വെളിപ്പെടുത്തി. 'കേസിൽ എന്നെയും കുരുക്കാൻ ശ്രമിച്ച അനുഭവം ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാം. ഒരിക്കൽ ആലുവ ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് അവിടേക്ക് ചെല്ലണമെന്ന് പറഞ്ഞ് എന്നെ വിളിച്ചു. അവിടെ ചെന്നപ്പോൾ എനിക്കൊരു വാട്സാപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് കാണിച്ചുതന്നു. ഗ്രൂപ്പിന്റെ പേര് ദിലീപിനെ പൂട്ടണമെന്നാണ്. ആ ഗ്രൂപ്പിന്റെ ആദ്യത്തെ പേരുകണ്ട് ഞാൻ ഞെട്ടി, ആദ്യത്തെ പേര് എന്റേതായിരുന്നു. ദിലീപിനെക്കുടുക്കാനുള്ള ചാറ്റുകളാണ് അതിൽ നിറയെ. ആഷിഖ് അബു, നികേഷ് കുമാർ, ബൈജു കൊട്ടാരക്കര, ലിബർട്ടി ബഷീർ, പ്രമോദ് രാമൻ, വേണു, സ്മൃതി പരുത്തിക്കാട്, ടിബി മിനി, സന്ധ്യ ഐപിഎസ് ഇത്രയും പേരാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ. നാല് സ്‌ക്രീൻഷോട്ടുകളാണ് എന്നെ കാണിച്ചുതന്നത്. ഒരു ഷോൺ ജോർജിന്റെ ഫോണിൽ നിന്നും വധഗൂഢാലോചനക്കേസിലെ രണ്ടാം പ്രതിയായ അനൂപിന്റെ ഫോണിലേക്ക് വന്നതാണ് ഈ സ്‌ക്രീൻഷോട്ടുകളെന്ന്. ഇതിന്റെ സത്യാവസ്ഥ അറിയാനാണ് എന്നെ വിളിപ്പിച്ചത്. സന്ധ്യാ മാഡത്തിന്റെ പേര് കൂടി ഉൾപ്പെട്ടതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലായി. പിആർ വർക്കേഴ്സിന്റെ പേരുകളിൽ സേവ് ചെയ്താണ് ഗ്രൂപ്പിന് രൂപം നൽകിയിരുന്നത്. മനസാ വാചാ കർമണ ഇങ്ങനെയൊരു ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്ന് ഞാൻ പറഞ്ഞു.'- അദ്ദേഹം വ്യക്തമാക്കി.