ഭൂമിക്കടിയിൽ നിറയെ സ്വർണവും ലിഥിയവും, പക്ഷേ ഒരുതരി എടുക്കാനാവില്ല; മഞ്ഞലോഹം വൻതോതിലുള്ളത് നമ്മുടെ തൊട്ടടുത്ത്
ലോകത്തെ ഏറ്റവും സമ്പന്നരാജ്യമെന്ന പട്ടം കൈപ്പിടിയിലൊതുക്കാൻ പോന്ന സ്വർണം നമ്മുടെ പക്കലുണ്ട്. സ്വർണം മാത്രമല്ല ബാറ്ററികളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ലിഥിയവും വൻതോതിലുണ്ട്. പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല. അവയിലൊന്ന് തൊടാൻ പോലുമാകില്ല. ഇവ കുഴിച്ചെടുക്കാൻ ഇന്ത്യയിലെ നിയമം അനുവദിക്കുന്നില്ല എന്നതാണ് കാരണം. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലെ കൊപ്പൽ മേഖലയിലെ മണ്ണിനടിയിലാണ് വൻതോതിൽ സ്വർണമുണ്ടെന്ന് തെളിഞ്ഞത്. തൊട്ടടുത്തുതന്നെയുള്ള റായ്ച്ചൂർ മേഖലയിലാണ് ലിഥിയ നിക്ഷേപം കണ്ടെത്തിയത്. സംസ്ഥാന ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിലാണ് അപൂർവ ലോഹങ്ങളുടെ വൻ നിക്ഷേപം കണ്ടെത്തിയത്. 65 പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. അപൂർവ ലോഹങ്ങൾ കണ്ടെത്തിയ സ്ഥലങ്ങൾ രണ്ടും സംരക്ഷിത വനമേഖലയായതാണ് കുഴിച്ചെടുക്കാൻ സാധിക്കാത്തത്. ഒരുകാരണവശാലും ഇത്തരം പ്രദേശങ്ങളിൽ നിയമപ്രകാരം മൈനിംഗിന് അനുമതിയില്ല.
ഒരുടണ്ണിൽ നിന്ന് 14 ഗ്രാം സ്വർണം
ലോകത്തെ ഒട്ടുമിക്ക ഖനികളിലും ഒരു ടൺ അയിരിൽ നിന്ന് രണ്ടോ മൂന്നോ ഗ്രാം സ്വർണം മാത്രമാണ് വേർതിരിച്ചെടുക്കാൻ കഴിയുന്നത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയ സ്ഥലത്ത് ഒരു ടൺ അയിരിൽ നിന്ന് 14 ഗ്രാം സ്വർണം ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇത് ലോകത്തുതന്നെ അത്യപൂർവമാണത്രേ. കൊപ്പൽ മേഖലയിൽ സ്വർണമുണ്ടെന്ന് 2000ൽ സൂചന ലഭിച്ചിരുന്നെങ്കിലും ഇത്രവലിയ നിക്ഷേപമുണ്ടെന്ന് ഇപ്പോഴാണ് വ്യക്തമായത്. ഇതിന് അടുത്തുതന്നെയുള്ള റായ്ച്ചൂർ അമരേശ്വര പ്രദേശത്താണ് ലിഥിയം നിക്ഷേപം കണ്ടെത്തിയത്.2023ലാണ് ഇവിടെ ലിഥിയമുണ്ടെന്ന് ആദ്യം വ്യക്തമായത്. രാജ്യത്ത് ജമ്മുകാശ്മീരിനുശേഷം ലിഥിയം ഉണ്ടെന്ന് തെളിഞ്ഞത് റായ്ച്ചൂർ അമരേശ്വര പ്രദേശത്ത് മാത്രമാണ്.
അനധികൃതർ മുതലാക്കുന്നു
അപൂർവലോഹങ്ങൾ ഉണ്ടെന്ന് വ്യക്തമായതോടെ അവസരം മുതലാക്കാൻ അനധികൃത ഖനനക്കാർ രംഗത്തുണ്ട്. അധികാരികളുടെ കണ്ണുവെട്ടിച്ചാണ് ഇവർ ഖനനം നടത്തുന്നത്. ഇത്തരക്കാരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശത്ത് ഖനനം നടത്താൻ അനുമതിവേണമെന്ന ആവശ്യവുമായി ജിയോളജിക്കൽ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ, അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ ഒരുറപ്പും ഇല്ല.
സ്വർണത്തിനും ലിഥിയത്തിനും പുറമേ യുറേനിയം, ചെമ്പ്, നിക്കൽ, ടങ്സ്റ്റൺ, വനേഡിയം, മാംഗനീസ്, ക്രോമൈറ്റ്, വജ്രം എന്നിവയുടെ സാന്നിദ്ധ്യവും കയാനൈറ്റ്, സിനോടൈം എന്നീ അത്യപൂർവ ലോഹങ്ങളുടെ സാന്നിദ്ധ്യവും പ്രദേശത്തുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് കരുതുന്നത്. ഇതിൽ വ്യക്തത വരാനായി പരിശോധന തുടരുകയാണ്.
കേരളത്തിനും സന്തോഷിക്കാം
ഇന്ത്യയിൽ ഖനനം ചെയ്തെടുക്കാനുള്ള സ്വർണത്തിന്റെ അളവ് നോക്കിയാൽ ഏറ്റവും കൂടുതൽ ഉള്ളത് ബീഹാറിലാണ്. 44 ശതമാനം വിഹിതമാണ് അവിടെ മണ്ണിനടിയിൽ ഉള്ളത്. 25 ശതമാനവുമായി രാജസ്ഥാനും, 21 ശതമാനവുമായി കർണാകയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. കേരളത്തിൽ രണ്ടുശതമാനം സ്വർണവിഹിതം ഉണ്ടെന്നാണ് കരുതുന്നത്. കേരളത്തിലെ വടക്കൻ ജില്ലകളിലെ നദികളിൽ നിന്നുൾപ്പെടെ പലയിടങ്ങളിൽ നിന്നും അശാസ്ത്രീയ മാർഗങ്ങളിലൂടെ പലരും സ്വർണം വേർതിരിച്ചെടുക്കുന്നുണ്ട്.