'സഹോദരിയുടെ നെഞ്ചിൽ അടിച്ചു, പടികെട്ടിൽ നിന്ന് തള്ളി താഴെയിട്ടു'; ഗോവയിൽ വിനോദസഞ്ചാരികൾ സുരക്ഷിതരല്ലെന്ന് യുവതി
പനാജി: ഗോവയിൽ തീപിടിത്തമുണ്ടായ റോമിയോ ലെയ്ൻ നൈറ്റ് ക്ലബിലെ ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് യുവതി. മുംബയ് നിവാസിയായ വൈഭവി ചന്ദലാണ് തനിക്കും തന്റെ ബന്ധുക്കൾക്കും നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. ക്ലബിലെ ജീവനക്കാർ തങ്ങളോട് മോശമായി സംസാരിച്ചെന്നും വടി ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ശാരീരികമായി മർദിച്ചെന്നും യുവതി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചന്ദൽ പൊലീസിൽ പരാതി നൽകി.
'നവംബർ ഒന്നിന് എന്റെ കസിൻസിനൊപ്പം ഞാൻ വാഗേറ്ററിലെ റോമിയോ ലെയ്ൻ സന്ദർശിച്ചു. ഞങ്ങൾ ആകെ 13 പേരുണ്ടായിരുന്നു. ക്ലബ് വളരെ ശ്വാസംമുട്ടിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതിന് ഒരു പ്രവേശന കവാടവും ഒരു പുറത്തേക്കുള്ള വഴിയും മാത്രമേയുള്ളൂ. അതും ഉയരത്തിലാണ്. അതിനാൽ ആ ക്ലബ്ബിൽ പ്രവേശിക്കാനും പുറത്തുകടക്കാനും പ്രയാസമാണ്. ജീവനക്കാർ ഞങ്ങളോട് മോശമായി സംസാരിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്തു'- ചന്ദൽ പറഞ്ഞു.
പുലർച്ചെ ക്ലബിൽ നിന്നും മടങ്ങാൻ നേരം വഴിയിൽ കിടന്ന കസേര കൂട്ടത്തിലൊരാൾ കാലു കൊണ്ട് നീക്കി വച്ചതിൽ പ്രകോപിതരായ ജീവനക്കാർ തങ്ങളോട് മോശമായി പെരുമാറുകയായിരുന്നെന്ന് യുവതി പറയുന്നു. ക്ഷമാപണം നടത്തിയെങ്കിലും ക്ലബിലെ ബൗൺസർമാരുൾപ്പെടെയുള്ളവർ തങ്ങളെ പുറത്തുകടക്കാൻ അനുവദിച്ചില്ലെന്നും കൂട്ടത്തോടെ മർദിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ജീവനക്കാരിൽ ഒരാൾ തന്റെ സഹോദരിയുടെ നെഞ്ചിൽ അടിച്ചതായും പടിക്കെട്ടിൽ നിന്ന് തള്ളിയിട്ടതായും യുവതി പറയുന്നു. തന്റെ സഹോദരനെ വടി കൊണ്ട് മർദിച്ചതായും യുവതി പരാതിപ്പെട്ടു. സ്ത്രീ സുരക്ഷയും വിനോദസഞ്ചാരികളുടെ സുരക്ഷയും നിങ്ങൾ ഗൗരവമായി എടുക്കുന്നില്ലെങ്കിൽ, ഗോവയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് ചന്ദൽ കൂട്ടിച്ചേർത്തു.
ക്ലബ്ബിന്റെ മാനേജർ അജയ് കവിത്കർ, സ്റ്റാഫ് അംഗമായ ജുനൈദ് അലി, സുരക്ഷാ ജീവനക്കാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ക്ലബിന്റെ ഉടമസ്ഥരായ ഗൗരവ്, സൗരഭ് എന്നിവരുടെ പേരുകൾ പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സംഭവസമയത്ത് അവർ ക്ലബിൽ ഇല്ലാതിരുന്നതിനാൽ പൊലീസ് ആ പേരുകൾ പരാതിയിൽ നിന്ന് ഒഴിവാക്കി.