പ്രമുഖ നടന്റെ ഡ്യൂപ്പ്, ചുരുങ്ങിയത് അഞ്ച് ലക്ഷമെങ്കിലും കൊടുത്തില്ലെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ല

Friday 12 December 2025 12:13 PM IST

സിനിമാ മേഖലയിലെ പല കാര്യങ്ങളും തുറന്നുപറയുന്നയാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ഷാരുഖ് ഖാന്റെ രൂപസാദൃശ്യമുള്ളയാൾ പരിപാടികളിൽ പങ്കെടുക്കാൻ വാങ്ങിക്കുന്ന പ്രതിഫലത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

'12,400 കോടി ആസ്തിയുള്ള ഷാരൂഖ് ഖാനെപ്പോലെ രൂപസാദൃശ്യമുള്ള നിരവധി പേർ ഇന്ത്യയിലുണ്ട്. ഒരേപോലെ ഏഴുപേരുണ്ടാകുമെന്നൊക്കെയാണല്ലോ പണ്ട് പറയാറ്. ആ രൂപസാദൃശ്യമുള്ളവരിൽ പ്രസിദ്ധനും ധനവാനുമാണ് ഇബ്രാഹിം ഖാദിരി. 24 ലക്ഷം ഫോളോവേഴ്സുള്ള ഈ ഡ്യൂപ്ലിക്കേറ്റ് ഷാരൂഖ് ഖാന്റെ കഥ അതിശയകരമാണ്.

ഷാരൂഖ് ഖാന്റെ രൂപസാദൃശ്യം മാത്രമുള്ള ഖാദിരി ക്ഷണിക്കുന്ന പരിപാടികൾക്ക് ചെല്ലാൻ അഞ്ച് ലക്ഷമൊക്കെയാണ് എണ്ണിവാങ്ങുന്നത്. അയാൾ പറയുന്ന തുക കൊടുത്തില്ലെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ല. ഖാദിരി ഒരു പ്രോഗ്രാം വേണ്ടെന്നുവയ്ക്കുമ്പോൾ മറ്റ് അപരന്മാരെ തേടി സംഘാടകർ ചെല്ലും. കുറഞ്ഞ പ്രതിഫലത്തിന് അവരത് ഏറ്റെടുക്കും. ഖാദിരി പോകണമെങ്കിൽ ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപ കൊടുക്കണം. ഷാരൂഖ് ഖാനുമായി അടുത്ത സാമ്യമുള്ളതിനാൽ ഷോപ്പിംഗിനും മറ്റും ചെല്ലുമ്പോൾ ഇരട്ടി വില ഈടാക്കുന്ന അവസ്ഥയാണെന്നാണ് ഖാദിരിയുടെ പരിഭവം.

ഇവിടെ മോഹൻലാലിന്റെയും ജയന്റെയും സുരേഷ് ഗോപിയുടെയുമൊക്കെ ഡ്യൂപ്പുകളുണ്ടായിരുന്നു. പക്ഷേ എന്ത് കാര്യം, ഒരുത്തനും ക്ലച്ച് പിടിച്ചില്ല. ഈയടുത്ത് രജനികാന്തിന്റെ ഒരു ഡ്യൂപ്പ് എറണാകുളത്തുണ്ടായി. നാദിർഷ പരിചയപ്പെടുത്തുകയൊക്കെ ചെയ്തു. പക്ഷേ എവിടെയും എത്തിയില്ല.'- ശാന്തിവിള ദിനേശ് പറഞ്ഞു.