മഹാവിഷ്‌ണു മത്സ്യ രൂപത്തിൽ ഇപ്പോഴുമുള്ള കേരളത്തിലെ ക്ഷേത്രം, പ്രധാന വഴിപാട് മധുരമില്ലാത്ത പാൽപ്പായസം
വൈദിക സംസ്‌കാരത്തിൽ അത്യപൂർവമായ പൂജാവിധികളും ആരാധനാ ക്രമങ്ങളുമുള്ള നിരവധി ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഇത്തരത്തിൽ വളരെയധികം വ്യത്യസ്‌തത നിറഞ്ഞ ഒരു ക്ഷേത്രം നമ്മുടെ കേരളത്തിൽ തൃശൂർ ജില്ലയിലുണ്ട്. അതിരാത്രത്തിന് പ്രശസ്‌തമായ പാഞ്ഞാളിലെ ലക്ഷ്‌മീനാരായണ ക്ഷേത്രമാണിത്. ഏറ്റവും ഉയർന്ന യാഗമാണ് അതിരാത്രം.
ഇവിടെ ഭഗവാന് പ്രധാന വഴിപാട് പാൽപ്പായസവും പാർവള്ളി മാലയുമാണ്. മധുരമേറിയ പാൽപ്പായസമല്ല തീരെ മധുരമില്ലാത്ത പാൽപ്പായസമാണ് ഇവിടെ ഭഗവാന് നേദിക്കുന്നത്. വേദങ്ങളിൽ സാമവേദത്തിന് ഇവിടെ ഏറെ പ്രാധാന്യമുണ്ട്. മധുരമായ സാമവേദ പാരായണം ആണ് ഭഗവാന് ഇഷ്ടം. വേദം കേട്ട് ചെറിയ മന്ദഹാസത്തോടെ സ്ഥിതിചെയ്യുന്ന ഭഗവാനെ ഭക്തർക്ക് ദർശിക്കാം.
തൃശൂർ ജില്ലയിൽ ജില്ലാ ആസ്ഥാനത്ത് നിന്നും 30 കിലോമീറ്റർ മാറിയും ഷൊർണൂരിൽ നിന്ന് എട്ട് കിലോമീറ്റ മാത്രം അകലെയുമാണ് ഈ ക്ഷേത്രമുള്ളത്. ക്ഷേത്രത്തിന് ഉള്ളിൽ പ്രത്യേകമായൊരു കുളമുണ്ട്. ശാന്തികുളം എന്നറിയപ്പെടുന്ന ഇവിടെ നിരവധി മത്സ്യങ്ങളുണ്ട്. ഇതിൽ വെളുത്ത മത്സ്യം മഹാവിഷ്ണു മത്സ്യാവതാരം എടുത്തതാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രാർത്ഥനയോടെ നോക്കിയാൽ മത്സ്യത്തെ കാണാനാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തുലാമാസത്തിലെ തിരുവോണം നാളിലാണ് ഇവിടെ ഭഗവാന്റെ പിറന്നാൾ. അന്നടക്കം ഇവിടെ ധാരാളമായുള്ള പാർവള്ളി അഥവാ പാൽവള്ളി ചെടിയിലെ പൂവുകൊണ്ട് മാലകെട്ടി ഭഗവാനെ ആരാധിക്കും. ജൈമിനി മഹർഷി, കൗശിക മഹർഷി എന്നിവരുടെ പിന്മുറക്കാർ പാഞ്ചാല ദേശത്ത് നിന്നും പുഷ്‌കര ദേശത്ത് നിന്നും ഇവിടെയെത്തി വാസമുറപ്പിച്ചിരുന്നു. ഇവരാണ് വേദപ്രിയനായ ഭഗവാനെ ആരാധിച്ചത്. 3000 വർഷം പഴക്കമുണ്ട് ക്ഷേത്രത്തിന്.
പഞ്ചപാണ്ഡവരും ഇവിടെയെത്തി പാർവള്ളി പൂവുകൾകൊണ്ട് മാലകെട്ടി ഭഗവാനെ ആരാധിച്ചിരുന്നു എന്ന് കഥകളുണ്ട്. വട്ടശ്രീകോവിലാണ് ക്ഷേത്രത്തിന്. ചുറ്റും ചുവർചിത്രങ്ങളുണ്ട്. കൃഷ്ണശിലയിൽ തീർത്തതാണ് വിഗ്രഹം. രാവിലെ വേദസ്വരൂപൻ, മദ്ധ്യാഹ്നത്തിൽ ഹാലസ്വരൂപൻ, വൈകിട്ട് ലക്ഷ്‌മീനരസിംഹം എന്നീ ഭാവങ്ങളിലാണ് ഭഗവാന് പൂജചെയ്യുന്നത്. വൈകുന്നേരം പാനകം പൂജിക്കാറുണ്ട്. ഗ്രാമത്തിന്റെ ശാന്തതയും ഭക്തിയുടെ നൈർമല്യവും ഒരാൾക്ക് അനുഭവിക്കാനാകുന്ന ക്ഷേത്രമാണിത്.