പാകിസ്ഥാനെ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്തെറിഞ്ഞത് ഈ രണ്ട് പ്രധാന ആയുധംകൊണ്ട്, തുറന്നുപറഞ്ഞ് യൂറോപ്യൻ വിദഗ്ദ്ധർ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് ചുട്ടമറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ പ്രഖ്യാപിച്ചത്. ഏപ്രിൽ ഏഴിന് പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങളിലും അതിന് സഹായമായ പ്രദേശങ്ങളിലുമാണ് ഇന്ത്യ ശക്തമായ പ്രഹരം ഏൽപ്പിച്ചത്. ഈ ഓപ്പറേഷൻ പാകിസ്ഥാന് ഉണ്ടാക്കിയ തകർച്ച ചില്ലറയല്ല. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ വിജയത്തിന് കാരണമായത് രണ്ട് പ്രധാന ആയുധങ്ങളുടെ ഉപയോഗമാണെന്ന് പറഞ്ഞിരിക്കുകയാണ് യൂറോപ്പിലെ പ്രതിരോധ വാർത്താ വിദഗ്ദ്ധർ.
മോസ്‌കോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജോൺ ഹെൽമർ നൽകുന്ന വിവരമനുസരിച്ച് ഇന്ത്യയുടെ എസ്-400 ട്രയംഫ് എയർ പ്രതിരോധ റെജിമെന്റും ബ്രഹ്‌മോസ് സൂപ്പർസോണിത് ക്രൂയിസ് മിസൈലുകളുമാണ് ഇന്ത്യയ്‌ക്ക് തുണയായത്. വിവിധ ഘടകങ്ങളായുള്ള ഇന്ത്യൻ വ്യോമസേനയിലെ പ്രധാന പ്രതിരോധ ഘടകമായിരുന്നു എസ്-400. അതിന്റെ ദീർഘദൂര റെയ്‌ഞ്ച് പരിധിയും വലിയ ശേഷിയും പാകിസ്ഥാൻ വ്യോമസേനയുടെ നീക്കങ്ങൾ അവരുടെ പരിധിയിൽതന്നെ മനസിലാക്കാൻ സഹായിച്ചു. ഇന്ത്യയ്‌ക്ക് പ്രതിരോധ കോട്ട തീർത്ത എസ്-400 പാകിസ്ഥാന്റെ ആക്രമണശേഷിയെ പരിമിതപ്പെടുത്താനും കാരണമായി.
ഒരേസമയം ഒന്നിലധികം പാക് യുദ്ധവിമാനങ്ങളെ കണ്ടെത്താനും അവയെ പ്രതിരോധിക്കാൻ ലക്ഷ്യമിടുന്നതിനും ഇന്ത്യയ്‌ക്ക് കഴിഞ്ഞതും വ്യോമയാന യുദ്ധ മേഖലയിൽ രാജ്യത്തിന് നിയന്ത്രണമുണ്ടാകാനും ഇവ സഹായിച്ചു. എസ്-400നൊപ്പം ബ്രഹ്‌മോസ് മിസൈലുകളും പ്രധാന പങ്കുവഹിച്ചു. ബ്രഹ്‌മോസ് കുറഞ്ഞ മുന്നറിയിപ്പിൽ പാകിസ്ഥാനിലെ ലക്ഷ്യസ്ഥാനങ്ങളിൽ വേഗവും കൃത്യവുമായ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവിനെ സൂചിപ്പിച്ചു.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ ഫലപ്രദമായ ഉപകരണങ്ങളായിരുന്നു ഇവ രണ്ടുമെന്ന് ഹെൽമർ പറയുന്നു. ഒരു സംഘർഷമേഖലയിൽ പ്രതിരോധം തീർക്കുന്നതിനുള്ള ആഴവും കരുത്തോടെ നിൽക്കാനുള്ള ആക്രമണ ശേഷിയും ഇന്ത്യയ്‌ക്കിപ്പോൾ ഉണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇതോടെ സാങ്കേതികവിദ്യാപരമായ മുന്നേറ്റം മാത്രമല്ല ഇന്ത്യയ്ക്ക് അടിയന്തര സാഹചര്യത്തിൽ ഈ വിഭാഗങ്ങളെ ചേർത്ത് ഉപയോഗിക്കാനുള്ള പ്രാപ്‌തിയും ഉണ്ടായിരിക്കുകയാണ്.