'ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പല താരങ്ങൾക്കും സ്വഭാവദൂഷ്യമുണ്ട് മോശം കാര്യങ്ങളിൽ ഏർപ്പെടും', വെളിപ്പെടുത്തലുമായി റിവാബ ജഡേജ

Friday 12 December 2025 3:35 PM IST

അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെക്കുറിച്ച് ഗൗരവകരമായ ആരോപണങ്ങളുമായി ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജ. വിദേശ പര്യടനങ്ങൾക്ക് പോകുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ചിലർ മോശം കാര്യങ്ങളിൽ ഏർപ്പെടാറുണ്ട് എന്നായിരുന്നു റിവാബയുടെ തുറന്നുപറച്ചിൽ. ഗുജറാത്തിലെ ദ്വാരകയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് റിവാബ ഇങ്ങനെ പറഞ്ഞത്.

എന്നാൽ തന്റെ ഭർത്താവായ രവീന്ദ്ര ജഡേജ അങ്ങനെയുള്ള ആളല്ലെന്നും അകത്തും പുറത്തും അദ്ദേഹം വളരെ മാന്യമായാണ് പെരുമാറുന്നതെന്നും റിവാബ പറഞ്ഞു. പല ക്രിക്കറ്റ് താരങ്ങൾക്കും സ്വഭാവ ദൂഷ്യങ്ങളുണ്ടെന്നും ധാർമ്മികതയ്‌ക്ക് നിരക്കാത്ത പ്രവ‌ർത്തി അവർ ചെയ്യാറുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. എന്നാൽ സ്വന്തം ജോലിയെക്കുറിച്ച് ബോദ്ധ്യവും ഉത്തരവാദിത്വ ബോധവുമുള്ളയാളാണ് തന്റെ ഭർത്താവെന്ന് റിവാബ വ്യക്തമാക്കി.

'ജഡേജ ലണ്ടനിലും ദുബായിലും ഓസ്‌ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാൻ പോയിട്ടുണ്ട്. പല സ്ഥലങ്ങളിലെത്തിയെങ്കിലും ആസക്തികളിലേക്കോ മോശം കാര്യങ്ങളിലേക്കോ അദ്ദേഹം തിരിഞ്ഞില്ല.' റിവാബ ജഡേജ പറഞ്ഞു. ഇത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വബോധം കൊണ്ടാണെന്ന് രവീന്ദ്ര ജഡേജയെക്കുറിച്ച് റിവാബ വ്യക്തമാക്കി.

റിവാബയുടെ ഈ പ്രസംഗം വലിയ വിവാദമാണ് ഉണ്ടായത്. മന്ത്രി പറഞ്ഞത് ശരിയെങ്കിൽ രാജ്യത്തിന് നാണക്കേടാണ് താരങ്ങളുടെ പ്രവർത്തിയെന്ന് പലരും പറഞ്ഞു. ആരാണ് അവരെന്ന് പറയാത്തതിനെക്കുറിച്ച് ചിലർ റിവാബയെ വിമർശിച്ചു.

ലോകക്രിക്കറ്റിൽ ടെസ്റ്റ്, എകദിന ഫോർമാറ്റുകളിൽ മിന്നും താരമാണ് രവീന്ദ്ര ജഡേജ. ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളിലൊന്നായ അദ്ദേഹം അടുത്തമാസം നടക്കുന്ന ന്യൂസിലാൻഡ് പരമ്പരയിലാകും ഇനി കളിക്കുക. ഐപിഎല്ലിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ എത്തിയപ്പോൾ രാജസ്ഥാനിലേക്ക് എത്തിയത് ജഡേജയാണ്. ഇതുവരെ ജഡേജ ചെന്നൈയ്‌ക്കുവേണ്ടിയാണ് കളിച്ചത്.