വാഷ്‌ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് 60കാരന് ക്രൂരമർദ്ദനം

Friday 12 December 2025 3:56 PM IST

തിരുവനന്തപുരം: വാഷ്‌ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത മദ്ധ്യവയസ്കനുനേരെ യുവാക്കളുടെ ആക്രമണം. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനുള്ളിലെ കംഫർട്ട് സ്റ്റേഷനിലായിരുന്നു ആക്രമണം. സംഭവത്തിൽ ചിറയിൻകീഴ് സ്വദേശിയായ നിധിൻ (30), പൂന്തുറ സ്വദേശി ജോയ് (28) എന്നിവരെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.

പേട്ട സ്വദേശിയായ റോയ്ക്ക് (60) ആക്രമണത്തിൽ തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റു. മദ്യലഹരിയിലായിരുന്നു പ്രതികളുടെ ആക്രമണം. ബിയർ കുപ്പി കൊണ്ട് പലതവണ പ്രതികൾ റോയിയുടെ തലയിൽ അടിക്കുകയായിരുന്നു. യുവാക്കൾ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.