ആപ്പിൾ ഉപഭോക്താക്കൾ കൂടുതൽ ഡൗൺലോഡ് ചെയ്‌തത് ചാറ്റ്‌ ജിപിടി; പുതിയ മോഡൽ പുറത്തിറക്കാനൊരുങ്ങി കമ്പനി

Friday 12 December 2025 5:33 PM IST

ആളുകൾ ഏറ്റ‌വും അധികം ഉപയോഗിക്കുന്ന എഐ ചാറ്റ്ബോട്ടുകളിലൊന്നാണ് ചാറ്റ്‌ ജിപിടി. ഓരോ ദിവസവും ചാറ്റ്‌ജിപിടിക്ക് ജനങ്ങൾക്കിടയിലുളള സ്വീകാര്യത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2025ൽ ആപ്പിൾ ഉപഭോക്താക്കൾ ഏറ്റവും അധികം ഡൗൺലോഡ് ചെയ്‌ത ആപ്പ് ആയി മാറിയിരിക്കുകയാണ് ചാറ്റ്‌ജിപിടി. ആപ്പിൾ തന്നെയാണ് തങ്ങളുടെ വർഷവസാന കണക്കുകളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ആപ്പ് ‌സ്റ്റോറിലെ മികച്ച ആപ്പുകളിൽ നാലാം സ്ഥാനമായിരുന്നു ചാറ്റ്ജിപിടിക്ക്. യുഎസ് മേഖലയിൽ എഐ ചാറ്റ്ബോട്ടിനുണ്ടായ വിജയത്തിന്റെ സൂചന കൂടിയാണ് പുതിയ വർദ്ധനവ്.

ആപ്പിൾ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ചാറ്റ്‌ജിപിടി ഡൗൺലോഡ് ചെയ്‌തുവെന്ന കണക്കുകൾ വിരൽ ചൂണ്ടുന്നത് മറ്റൊരു പ്രധാന വിഷയത്തിലേക്ക് കൂടിയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആളുകളുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമായി മാറിയെന്നതാണിത്.

എഐ ചാറ്റ്ബോട്ടുകൾ തമ്മിലുള്ള മത്സരത്തിൽ ഗൂഗിളും മുൻനിരയിൽ തന്നെയുണ്ടെങ്കിലും ചാറ്റ്‌‌ജിപിടിയുടെ ഓപ്പൺ എഐ കൂടുതൽ സവിശേഷതകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ ദിവസവും എഐ ചാറ്റ്‌ബോട്ടുകൾ അവയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതായി കാണാം. കോടിക്കണക്കിന് രൂപയാണ് കമ്പനികൾ ഇതിനായി മുടക്കുന്നത്. ചാറ്റ് ജിപിടി ഗോ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുമെങ്കിലും പ്രീമിയം ഉപഭോക്താക്കളാകണമെങ്കിൽ വില കൊടുക്കേണ്ടി വരും.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഗൂഗിളിന്റെ ജെമിനി 3 മോഡലുമായി മത്സരിക്കാനും മികച്ച സന്ദർഭോചിതമായ പ്രതികരണങ്ങളും മറ്റ് സവിശേഷതകളും വാഗ്ദാനം ചെയ്യാനും ചാറ്റ്ജിപിടി 5.2 പുറത്തിറങ്ങുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചു കഴിഞ്ഞു. പ്രൊഫഷണൽ ജോലികൾക്കായി നൂതനമായ രീതിയിലാണ് കമ്പനി ചാറ്റ്ജിപടി 5.2 നെ പുറത്തിറക്കുന്നത്.