വിമാനത്താവളത്തിൽ ഭീതി പരത്തി പുള്ളിപ്പുലി, പിന്നാലെ ഓടി മയക്കുവെടിവച്ച് വനംവകുപ്പ്
പൂനെ: വിമാനത്താവളത്തിന്റെ പരിസരത്ത് ഭീതി പരത്തി കറങ്ങി നടന്ന പുള്ളിപുലിയെ പിടികൂടി വനംവകുപ്പ്. പൂനെ വിമാനത്താവളത്തിലാണ് സംഭവം. വനംവകുപ്പും റെസ്‌ക്യൂ ചാരിറ്റബിൾ ട്രസ്റ്റ്, ഇന്ത്യൻ എയർഫോഴ്സ്, എയർപോർട്ട് അധികൃതരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് പുള്ളിപ്പുലിയെ മയക്കുവെടിവച്ച് കൂട്ടിലാക്കിയത്. ഏപ്രിൽ 28നായിരുന്നു വിമാനത്താവളത്തിന്റെ പരിസരത്ത് ആദ്യമായി പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. നവംബർ 19ന് പുലിയെ വീണ്ടും കണ്ടിരുന്നു.
വിമാനത്താവളത്തിന്റെ ഉള്ളിലുള്ള ഭൂമിക്കടിയിലെ വഴികളും ധാരാളം വളർന്നു നിൽക്കുന്ന ചെടികളും മറയാക്കിയാണ് പുലി പുറത്തു നിന്നും അകത്തേക്കും തിരിച്ചും നടന്നിരുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 80 അടി നീളമുള്ള തുരങ്കത്തിനുള്ളിൽ നിന്ന് പുലിയെ പിടികൂടാൻ ഒട്ടേറെ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കെണികൾ സ്ഥാപിച്ചിരുന്നെങ്കിലും അതിലൊന്നും പെടാതെ പുലി ഒഴിഞ്ഞുമാറിയിരുന്നു.
ഡിസംബർ നാലിന് പുലി ഭൂഗർഭ തുരങ്കത്തിലേക്ക് പ്രവേശിച്ചതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിനെ തുടർന്ന് തുരങ്കത്തിന്റെ മറ്റ് വാതിലുകൾ അടയ്ക്കുകയും 30 അംഗ സംഘം പുലിയെ 80 അടി നീളമുള്ള തുരങ്കത്തിലേക്ക് നയിച്ച് വിദഗ്ദ്ധമായി മയക്കുവെടിവച്ച് പിടികൂടുകയായിരുന്നു. ആർക്കും പരിക്കേൽക്കാതെയാണ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്. വിമാനത്താവളത്തിന്റെ മറ്റ് പ്രവർത്തനങ്ങൾക്ക് പുലി ഭീഷണിയായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു. നിലവിൽ പൂനെയിലെ ബാവധാനിലുള്ള ട്രാൻസിറ്റ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയാണ് പുലി.