താരനിരയിൽ അഭിരാമിയും , രഞ്ജിത്ത് ചിത്രത്തിൽ അതിഥി താരമായി മമ്മൂട്ടി
പ്രകാശ് വർമ്മയേയും പുതുമുഖങ്ങളേയും പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നു എന്ന് വിവരം . രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്ളാക്ക് എന്ന ചിത്രത്തിൽ അവതരിപ്പിച്ച കാരക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രം ആയിരിക്കും മമ്മൂട്ടി വീണ്ടും അവതരിപ്പിക്കുക. കൈയൊപ്പ്, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ് , പാലേരി മാണിക്യം, പ്രജാപതി, കടൽ കടന്നൊരു മാത്തുക്കുട്ടി, പുത്തൻപണം, ആന്താേളജി ചിത്രം മനോരഥങ്ങളിലെ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും രഞ്ജിത്തും ഒരുമിച്ചിട്ടുണ്ട്. പൊലീസ് സ്റ്റോറിയായി ഒരുങ്ങുന്ന ചിത്രത്തിൽ അഭിരാമി ആണ് മറ്റൊരു പ്രധാന താരം. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ഉദയ കൃഷ്ണ രചന നിർവഹിക്കുന്നു. ഇതാദ്യമായാണ് രഞ്ജിത്ത് ചിത്രത്തിന് ഉദയകൃഷ്ണ രചന നിർവഹിക്കുന്നത്. പ്രശാന്ത് രവീന്ദ്രൻ ആണ് ഛായാഗ്രഹണം . സത്യം സിനിമാസിന്റെ ബാനറിൽ എം.ജി പ്രേമചന്ദ്രൻ ആണ് നിർമ്മാണം .മോഹൻലാൽ നായകനായ തുടരും സിനിമയിൽ ജോർജ് സാർ എന്ന പൊലീസ് കഥാപാത്രമായി എത്തി തിളങ്ങിയ താരം ആണ് പരസ്യചിത്ര സംവിധായകനും നിർമ്മാതാവുമായ പ്രകാശ് വർമ്മ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് പ്രകാശ് വർമ്മ . ഇൗ ചിത്രത്തിൽ മോഹൻലാൽ പൊലീസ് വേഷം ആണ് അവതരിപ്പിക്കുന്നത്.