തലൈവർക്ക് പിറന്നാൾ മധുരം നൽകി ഐശ്വര്യ
തമിഴ് സൂപ്പർസ്റ്റാർ രജനികാന്തിന്റെ 75-ാം ജന്മദിനം ആരാധകരും ചലചിത്രലോകവും ആഘോഷിച്ചു. മൂത്ത മകൾ ഐശ്വര്യ രജനികാന്ത് തലൈവർക്ക് പിറന്നാൾ മധുരം നൽകി. ഈ ചിത്രം ഐശ്വര്യ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2വിനെ ലൊക്കേഷനിലും അണിയറ പ്രവർത്തകരോടൊപ്പം രജനികാന്ത് കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേർന്നതിനു പിന്നാലെ താരങ്ങളായ കമൽഹാസൻ, ധനുഷ്, എസ്.ജെ. സൂര്യ, ജാക്കി ഷ്‌റോഫ്, ഖുശ്‌ബു എന്നിവരെല്ലാം സന്തോഷവും ആരോഗ്യവും നേർന്ന് സന്ദേശങ്ങൾ പങ്കുവച്ചു. മധുരയിലെ തിരുമംഗലത്ത് രജനിയുടെ പേരിൽ ക്ഷേത്രം പണികഴിപ്പിച്ച കാർത്തിക് എന്ന ആരാധകൻ താരത്തിന്റെ രൂപമാതൃകയിൽ ഒന്നര അടി ഉയരവും മൂന്നുകിലോ ഭാരവുമുള്ള ഐസ്‌ക്രീം കേക്ക് മുറിച്ചു. രജനിയുടെ വിഗ്രഹത്തിൽ ജന്മദിനാശംസകൾ നേർന്ന് 75 ഭാഷകളിൽ പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു.