ആളാകെ മാറാന്‍ വാട്‌സാപ്പ്, പുതിയ മാറ്റങ്ങള്‍ ഈ ആഴ്ച തന്നെ പ്രാബല്യത്തില്‍ വരും
ഉപയോക്താക്കൾക്കായി ഒരേസമയം ഒട്ടേറെ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്. മെറ്റാ എഐ ഫീച്ചറുകൾ അടക്കമുള്ള പുതിയ സംവിധാനങ്ങൾ ഈ ആഴ്ച തന്നെ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും. വരാനിരിക്കുന്ന ക്രിസ്‌മസ് അവധിക്കാലം ലക്ഷ്യമിട്ടാണ് പുത്തൻ ഫീച്ചറുകൾ കമ്പനി പുറത്തിറക്കുക. കോൾ, ചാറ്റ്, സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട ഓപ്ഷനുകളിലാണ് മാറ്റങ്ങൾ വരുന്നത്.
ആരെങ്കിലും നിങ്ങൾ വിളിച്ചിട്ട് ഫോൺ എടുത്തില്ലെങ്കിൽ ഒറ്റ ടാപ്പ് കൊണ്ട് അവർക്കൊരു വോയിസ് നോട്ടോ വീഡിയോ നോട്ടോ റെക്കാർഡ് ചെയ്ത് അയക്കാൻ സാധിക്കും. ഇത് കോളിംഗ് ഫീച്ചറിനൊപ്പം തന്നെ ലഭിക്കുന്ന പുതിയ വോയിസ് മെയിൽ സംവിധാനമാണ്. വോയിസ് ചാറ്റുകൾക്കിടയിൽ ഇനി സംഭാഷണം നിർത്താതെ തന്നെ വേഗത്തിൽ ഇമോജികൾ അയക്കാനും കഴിയും. ഗ്രൂപ്പ് വീഡിയോ കോളുകളിൽ സംസാരിക്കുന്നവർക്ക് പ്രാധാന്യം നൽകിക്കൊണ്ട് അവരെ സ്‌ക്രീനിൽ ഹൈലൈറ്റ് ചെയ്യുന്ന ഫീച്ചറും ഉടൻ എത്തും.
വാട്‌സാപ്പിലെ മെറ്റാ എഐയിൽ ഇനി മിഡ്‌ജേണി', 'ഫ്ളക്സ്' പിന്തുണ കൂടി ലഭിക്കും. ഇത് അവധിക്കാല ആശംസകൾ നേരാനായി ക്രിയേറ്റീവായ കാർഡുകൾ നിർമ്മിക്കാൻ സഹായിക്കുന്നവയാണ്. ശരിയായ നിർദ്ദേശം നൽകിയാൽ എഐ മോഡലിന് ഏത് ഫോട്ടോ ഉപയോഗിച്ചും ചെറിയ വീഡിയോകൾ നിർമ്മിക്കാൻ സാധിക്കും.
ഡെസ്‌ക്‌ടോപ്പിലും അടിമുടി മാറ്റം മാക്, വെബ്, ഡെസ്‌ക്‌ടോപ്പ് പതിപ്പുകൾ ഉപയോഗിക്കുന്നവർക്കായി പുതിയ മീഡിയ ടാബും എത്തുന്നുണ്ട്. ഇതുവഴി ഡോക്യുമെന്റുകൾ, ലിങ്കുകൾ, മറ്റ് മീഡിയ ഫയലുകൾ എന്നിവ ചാറ്റുകൾക്കിടയിൽ എളുപ്പത്തിൽ തിരയാൻ സാധിക്കും. ഇതിനു പുറമേ ലിങ്ക് പ്രിവ്യൂ, സ്റ്റിക്കർ പായ്ക്കുകൾ എന്നിവയിലും മാറ്റങ്ങൾ വരുന്നുണ്ട്. പുതിയ ഫീച്ചറുകൾ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ എല്ലാ ഉപയോക്താക്കൾക്കും ഘട്ടംഘട്ടമായി ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.