പൈപ്പ് ലൈനിൽ വെള്ളമില്ലെന്ന് പരാതി
Friday 12 December 2025 9:09 PM IST
കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ മധുരക്കോട് - പെരിങ്ങാമല വഴി കടന്നുപോകുന്ന വാട്ടർ അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് ലൈനിൽ വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി.2019 -20 പട്ടികജാതി വികസന വകുപ്പ് കോർപ്പസ് ഫണ്ടിൽ നിന്ന് 37,3736 രൂപയോളം ചെലവഴിച്ചാണ് പ്ലാവിള എസ്.സി കോളനി കുടിവെള്ള പദ്ധതി നടപ്പാക്കിയത്.എന്നാൽ പദ്ധതി നടപ്പാക്കി ഏതാനും ദിവസങ്ങൾ മാത്രമേ പൈപ്പ് ലൈനിൽ കുടിവെള്ളം ലഭിച്ചിട്ടുള്ളൂ.വേനലായാൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് പൈപ്പ് ലൈൻ വഴി വെള്ളം ലഭിക്കാത്തത് മൂലം ബുദ്ധിമുട്ടിലാണ് പ്രദേശവാസികൾ. എത്രയും വേഗം കുടിവെള്ളം ലഭിക്കാനുള്ള നടപടി കൈകൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.