മോഷണ കേസ് പ്രതി 21 വർഷത്തിന് ശേഷം പിടിയിൽ

Saturday 13 December 2025 3:41 AM IST

മാന്നാർ: മോഷണക്കേസിൽ ഒളിവിലായിരുന്ന പ്രതി 21 വർഷത്തിന് ശേഷം പിടിയിൽ. കാർത്തികപ്പള്ളി മഹാദേവികാട്, പടിപ്പുരയ്ക്കൽ പ്രേംകുമാർ (70) നെയാണ് മാന്നാർ പൊലീസ് പിടികൂടിയത്. 2004ൽ വീയപുരം പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽ പോവുകയായിരുന്നു. അന്ന് മാന്നാർ പൊലീസ് സർക്കിളിന്റെ പരിധിയിലായിരുന്ന വീയപുരം സ്റ്റേഷനിൽ ലോക്കപ്പ് ഇല്ലാത്തതിനാൽ മാന്നാർ സ്റ്റേഷനിൽ എത്തിച്ച പ്രതി ഇവിടെ നിന്ന് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. വീയപുരം പൊലീസ് രജിസ്റ്റർ ചെയ്ത അഞ്ചോളം മോഷണക്കേസിലും, കോന്നി സ്റ്റേഷനിൽ പൊലീസുകാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിൾ പ്രതിയാണ് ഇയാൾ. ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കോടതിയിൽ ഹാജരാകാതിരുന്ന ഇയാൾക്കെതിരെ 2008 എൽ.പി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ ഡി.രെജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എരുമേലിയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.