ബാലറ്റിൽ സഹസ്ഥാനാർത്ഥി; ആശുപത്രിയിലായപ്പോൾ കൂട്ട്

Friday 12 December 2025 9:43 PM IST

കണ്ണൂർ: പയ്യന്നൂർ നഗരസഭയിലെ പതിനാറാം വാർഡായ കണ്ടോത്ത് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ലത നാരായണന്റെയും ഇതെ വാർഡിലെ സ്വതന്ത്രസ്ഥാനാർത്ഥിയായ മകൾ ആത്മജ നാരായണനും തിരഞ്ഞെടുപ്പ് കഴിഞ്ഞ രാത്രി പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിലായിരുന്നു. പോളിംഗ് ദിനത്തിലെ സംഘർഷത്തിൽ പരിക്കേറ്റ ആത്മജയ്ക്ക് കൂട്ടിരുന്നതായിരുന്നു അമ്മ.

മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയും മുൻ നഗരസഭാ കൗൺസിലറുമായ ലതയ്ക്ക് ഡമ്മി സ്ഥാനാർഥിയായി കെ.എസ്.യു. കണ്ണൂർ ജില്ലാ സെക്രട്ടറിയായ മകൾ ആത്മജയെ നിർത്തിയത് തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നു.

സിപിഎം സ്വാധീനമേഖലയായ ഈ പ്രദേശത്ത് ഏജന്റുമാരെ പോലും ബൂത്തിൽ ഇരുത്താൻ അനുവദിക്കാത്ത സാഹചര്യമുള്ളതിനാൽ ഡമ്മി സ്ഥാനാർഥിത്വത്തിലൂടെ ഒരു ഏജന്റിനെ കൂടി ഉറപ്പിക്കാനായിരുന്നു യു.ഡി.എഫിന്റെ ഈ നീക്കം.

കള്ളവോട്ട് ചോദ്യം ചെയ്തതിന്റെ പേരിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റെന്നാണ് ആത്മജയുടെ മൊഴി.

തിരഞ്ഞെടുപ്പ് ദിനത്തിൽ നടന്ന സംഘർഷത്തിൽ മകൾക്ക് പരുക്കേറ്റത് ലതയ്ക്ക് വേദനയായി.ഡമ്മി സ്ഥാനാർത്ഥിയായ ആത്മജ അമ്മയ്ക്ക് വേണ്ടി വീടുതോറും പ്രചാരണത്തിൽ സജീവമായിരുന്നു. അമ്മയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും മകൾ തന്നെയായിരുന്നു. സി.പി.എം പ്രതിനിധി എ.സവിതയാണ് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.

ലതയ്ക്ക് കൈപ്പത്തിയും ആത്മജയ്ക്ക് കസേരയുമായിരുന്നു ചിഹ്നം. കണ്ണൂരിലെ ചില മേഖലകളിലെ തിരഞ്ഞെടുപ്പുകളുടെ സുതാര്യതയെ പറ്റി ഹൈക്കോടതി നടത്തിയ ശ്രദ്ധേയമായ നിരീക്ഷണം ചൂണ്ടിക്കാട്ടിയാണ് ആത്മജ തനിക്കെതിരെയുണ്ടായ ആക്രമണത്തെ വിലയിരുത്തുന്നത്.