പാലപ്പള്ളിയിൽ മുസ്ലീംലീഗ് പ്രവർത്തകന് മർദ്ദനം; ഓട്ടോ തകർത്തു

Friday 12 December 2025 9:48 PM IST

ഇരിട്ടി: ഓട്ടോറിക്ഷയെ പിന്തുടർന്ന് ബൈക്കുകളിലെത്തിയ അക്രമിസംഘം കാക്കയങ്ങാട് പാലപ്പുഴ പാലപ്പള്ളിയിൽ മുസ്‌ലിം ലീഗ് പ്രവർത്തകനെ മർദ്ദിക്കുകയും ഓട്ടോറിക്ഷ തകർക്കുകയും ചെയ്തു. പാലപ്പുഴ കൂടലാട്ടെ അസറുദ്ദീനാണ് (38) മർദ്ദനമേറ്റത്. പരിക്കേറ്റ ഈയാൾ തലശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ ചികിത്സയിലാണ്.

നേരത്തെ എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ കൂടിയായ അസറുദ്ദീൻ

മുഴക്കുന്ന് പഞ്ചായത്ത് അയ്യപ്പൻകാവ് വാർഡിൽ ലീഗ് സ്ഥാനാർത്ഥിക്കായി പ്രവർത്തിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച്ച രാവിലെ ഓട്ടോറിക്ഷ ട്രിപ്പ് പോയി തിരിച്ചുവരുന്നതിനിടെ അയ്യപ്പൻകാവ് പുഴക്കരിയിൽ വച്ച് മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം അസറുദ്ദീന്റെ ഓട്ടോറിക്ഷ പിൻതുടർന്നാണ് അക്രമം നടത്തിയത്. മൂന്ന് കിലോമീറ്ററോളം പിൻതുടർന്ന് എത്തിയ സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാനായി ഇടറോഡിലൂടെ ഒരുവീട്ടിലേക്ക് ഓട്ടോ ഓടിച്ചുകയറ്റുന്നതിനിടെ സംഘം അസറുദ്ദീനെ അക്രമിക്കുകയായിരുന്നു. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും ബൈക്കിലെത്തിയ സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ബഹളം കേട്ട് വീട്ടിലുണ്ടായിരുന്ന പ്രായമായ സ്ത്രീ ഒച്ചവെച്ചതോടെ അക്രമിസംഘത്തിന്റെ പിടിയിൽ നിന്നും അസറുദ്ദീൻ രക്ഷപ്പെട്ട് ഓടുകയായിരുന്നു. അസറുദ്ദീൻ രക്ഷപ്പെട്ടതോടെ വീടിന്റെ ഗേറ്റിന് മുന്നിൽ ഉണ്ടായിരുന്ന ഓട്ടോ അക്രമി സംഘം തള്ളി സമീപത്തെ പാടശേഖരത്തേക്ക് മറച്ചിട്ടു. കൂറ്റൻ ചെങ്കല്ലും മറ്റും ഉപയോഗിച്ച് ഓട്ടോയുടെ ചില്ലുകളും തകർത്തു.

പോളിംഗിനിടെ ഓപ്പൺ വോട്ടിനെചൊല്ലി അയ്യപ്പൻകാവിൽ എസ്.ഡി.പി.ഐ-മുസ്ലീംലീഗ് സംഘർഷം ഉണ്ടായിരുന്നു. പോളിംഗ് ബൂത്തിന് മുന്നിൽ സംഘടിച്ച് നിന്ന ഇരുവിഭാഗം പ്രവർത്തകരേയും പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. അയ്യപ്പൻകാവ് വാർഡ് കഴിഞ്ഞതവണ മുസ്ലിം ലീഗിൽ നിന്നും എസ്.ഡി.പി.ഐ പിടിച്ചെടുത്തിരുന്നു. ഈ വാർഡ് ഇക്കുറി വാർഡ് കൈവിട്ടുപോകുമെന്ന തോന്നലിൽ എസ്.ഡി.പി.ഐ ഭീകരാന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുസ്ലീംലീഗ് കുറ്റപ്പെടുത്തി.