വോട്ട് അവകാശം, പക്ഷെ അവസരം ഇല്ലേ ഇല്ല
അസ്ത്രവിദ്യയിൽ അദ്വിതീയനായിരുന്നെങ്കിലും യുദ്ധഭൂമിയിൽ പഠിച്ച വിദ്യകളൊന്നും പ്രയോജനം ചെയ്യാതെ പോയ ഭാഗ്യദോഷിയായ യോദ്ധാവാണ് മഹാഭാരതത്തിലെ കർണ്ണൻ. 'കാൽ ഡസനിലധികം' ശാപങ്ങൾ ഒരേ സമയം കർണ്ണൻ പേറിയിരുന്നുവെന്നാണ് മഹാഭാരതത്തിൽ പറയുന്നത്. ക്ഷത്രിയനെ സംബന്ധിച്ചിടത്തോളം യുദ്ധവും ആയുധപ്രയോഗവുമൊക്കെ പരമപ്രധാനമാണ്. സർവായുധ സജ്ജനെങ്കിലും പടക്കളത്തിൽ അത് പ്രയോഗിക്കാൻ അവസരം കിട്ടിയില്ലെങ്കിൽ എന്തു ഫലം. ബ്രാഹ്മണവേഷം കെട്ടി ക്ഷത്രിയ വിരോധിയായ പരശുരാമന്റെ അടുത്ത് ആയുധവിദ്യ പഠിക്കാൻ പോയ കർണ്ണന്റെ , പ്രച്ഛന്നവേഷം ഗുരു തിരിച്ചറിഞ്ഞപ്പോഴാണ് ഒരു ശാപം കിട്ടിയത്. 'ഏറ്റവും ആവശ്യമുള്ള സമയത്ത് ആയുധവിദ്യ മറന്നുപോകും' എന്നായിരുന്നു ശാപമെന്നാണ് മഹാഭാരതത്തിൽ പറയുന്നത്.
അതൊരു വല്ലാത്ത അവസ്ഥയാണ്. കൈവശം ആയുധമുണ്ട്, പക്ഷെ അത് പ്രയോഗിക്കാൻ കഴിയാതെ വരിക. ഇതൊക്കെ കഥയാണെങ്കിലും അല്പമൊന്നും മനസിരുത്തി ചിന്തിച്ചാൽ,ആ രചനയ്ക്ക് പിന്നിലെ ദീർഘവീക്ഷണം നമുക്ക് ബോദ്ധ്യമാവും. കാരണം നമുക്ക് ചുറ്റും , ശാപമല്ലെങ്കിൽ പോലും ഇതിന് സമാനമായ എത്രയോ സംഭവങ്ങൾ കാണാനാവും.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ഖ്യാതി ഇന്ത്യയ്ക്കാണ്. ബാലറ്റ് യുദ്ധത്തിലൂടെ എതിരാളികളെ മലർത്തിയടിച്ച് രാജ്യഭരണത്തിന്റെ കുത്തകാവകാശം ഭൂരിപക്ഷം കിട്ടുന്നവർക്ക് സമ്മാനിക്കുന്ന സമ്പ്രദായം. ഏറ്റവും വലിയ ജനപങ്കാളിത്തമാണ് ഇവിടുത്തെ തിരഞ്ഞെടുപ്പുകളിൽ ഉണ്ടാവുന്നത്. ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യങ്ങളിൽ ഒന്നെന്നത് മാത്രമല്ല, താഴെത്തട്ടു മുതൽ മുകൾ തട്ടുവരെയുള്ള ഭരണസംവിധാനങ്ങളിലെ ഭരണകർത്താക്കളെ നിശ്ചയിക്കുന്നതിന് ജനങ്ങൾക്ക് നേരിട്ട് അവസരം സിദ്ധിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. ബാലറ്റൊക്കെ മാറി വോട്ടിംഗ് യന്ത്രങ്ങൾ വന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് കൂടുതൽ വേഗം വന്നു, കൃത്യത വന്നു. ഫലത്തിന് വേണ്ടിയുള്ള കാത്തുകെട്ടിക്കിടപ്പിന് അറുതിയുമായി. എല്ലാം നല്ല കാര്യങ്ങൾ തന്നെ.കാലത്തിന്റെ ഗതിക്രമത്തിന് അനുസരണമായ വേഗതയിലേക്ക് ജനാധിപത്യപ്രക്രിയയും പോകുന്നത് അഭിമാനകരമാണ്.
പക്ഷെ സൗകര്യങ്ങളും സംവിധാനങ്ങളും വർദ്ധിക്കുമ്പോൾ പിഴവുകളും അതിനനുസരണമായി കൂടിയാലോ. ഗൗരവപൂർവ്വം കാണേണ്ട കാര്യമാണ് ഇത്.
തദ്ദേശ സ്ഥാപനങ്ങളുടെ ഭരണകർത്താക്കളെ നിശ്ചയിക്കാനുള്ള വോട്ടു ചെയ്ത് ഫലത്തിന് കാത്തിരിക്കുകയാണ് കേരളം. ഇന്നുച്ചയോടെ കാര്യങ്ങൾക്ക് ഒരു വ്യക്തതവരും. ഇക്കുറി വ്യാപകമായി കേട്ട ഒരു പരാതി ,അല്ല പാകപ്പിഴ വലിയൊരു ശതമാനം ആൾക്കാർക്ക് തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനായില്ല എന്നതാണ്. വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ സമൂഹത്തിൽ സജീവമായി നടക്കുന്ന പ്രമുഖരുൾപ്പെടെയുള്ളവരുടെ പേര് പട്ടികയിലില്ല. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.മോഹൻദാസ് തുടങ്ങിയവരൊക്കെ ലിസ്റ്റിൽ പേരില്ലാത്തതിനാൽ സമ്മതിദാനാവകാശം നിഷേധിക്കപ്പെട്ടവരാണ്. ഇതേ പോലെ ലക്ഷക്കണക്കിന് ആൾക്കാർക്കാണ് ഇക്കുറി വോട്ട് നഷ്ടമായത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒരാളിന്റെ ആണെങ്കിൽ പോലും സമ്മതിദാനാവകാശം നഷ്ടമാവുക എന്നു വച്ചാൽ അത് വലിയ നീതി കേടു തന്നെയാണ്. സർക്കാരാണെങ്കിലും പ്രാദേശിക സർക്കാരുകളാണെങ്കിലും ആരു ഭരിക്കണമെന്ന് അഭിപ്രായം രേഖപ്പെടുത്താനുള്ള പൗരന്റെ അവകാശം നിഷേധിക്കലാണ്. ഇതൊന്നും ആരും മനപൂർവ്വം ചെയ്യുന്നതല്ല എന്നത് സത്യമാണെങ്കിലും മനഃപൂർവ്വമല്ലാത്ത കുറ്റവും കുറ്റമല്ലാതായി മാറുന്നില്ല.
വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനും മറ്റുമായി വിപുലമായ സംവിധാനങ്ങളുള്ള സംസ്ഥാനമാണ് കേരളം. തിരഞ്ഞെടുപ്പിന് എത്രയോ മാസങ്ങൾക്ക് മുമ്പ് ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നു. അപ്പോൾ ഇത്തരം പാളിച്ചകൾ കൂടി ഒഴിവാക്കാൻ ജാഗ്രത കാട്ടേണ്ടതല്ലെ. മുമ്പൊക്കെ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ വലിയ ജാഗ്രതയാണ് കാട്ടിയിരുന്നത്. നേരത്തെ വോട്ടേഴ്സ് ലിസ്റ്റ് സംഘടിപ്പിച്ച് പരിശോധിക്കുകയും വിട്ടുപോയവരുടെ പേരുകൾ ഉൾപ്പെടുത്താൻ വേണ്ട നടപടികൾ സമയാനുസരണം ചെയ്യുകയുമൊക്കെ പതിവായിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ പഴയപോലുള്ള ശ്രദ്ധ ഇക്കുറി രാഷ്ട്രീയ പാർട്ടികൾ കാട്ടിയോ എന്നും സംശയം. കൃത്യമായ പരിശോധന നടത്തിയിരുന്നെങ്കിൽ ഇത്തരം പിഴവുകൾ ഒഴിവാക്കാമായിരുന്നു.
ഇപ്പറഞ്ഞത് വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവരുടെ കാര്യമാണെങ്കിൽ , പേരുണ്ടായിട്ടും പോളിംഗ് ബൂത്തിൽ എത്താൻ പലവിധ കാരണങ്ങളാൽ സാധിക്കാത്ത മറ്റൊരു വലിയ വിഭാഗവുമുണ്ട്. കിടപ്പു രോഗികൾ, ശാരീരികമായി മറ്റ് അവശതയുള്ളവർ , യഥാസമയം പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോകാൻ സഹായികളില്ലാത്തവർ തുടങ്ങി എത്രയോ പേർക്ക് തങ്ങളുടെ സമ്മതിദാനമില്ലാതെ ജനപ്രതിനിധികൾ മുന്നിലൂടെ നടക്കുന്നത് കാണേണ്ടിവരുന്നു. ഈ സ്ഥിതിവിശേഷം ഒഴിവാക്കേണ്ടതാണ്.
മുമ്പ് , കൊവിഡിന് തൊട്ടു പിന്നാലെ വന്ന നിയമസഭാ, ലോക് സഭാ തിരഞ്ഞെടുപ്പുകളിൽ ഇതിന് ഒരു ബദൽ സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരുന്നു. കിടപ്പു രോഗികളുടെയും 85 ന് മേൽ പ്രായമുള്ള , ബൂത്തിൽ എത്താൻ സാധിക്കാത്തവരുടെയും വോട്ടുകൾ വീടുകളിലെത്തി പോസ്റ്റൽ വോട്ട് മാതൃകയിൽ ചെയ്യിക്കുന്ന സംവിധാനം. വലിയൊരു വിഭാഗം ജനത്തിന് അത് സന്തോഷം പകരുകയും ചെയ്തു. പക്ഷെ ഇക്കുറി അങ്ങനൊരു സംവിധാനം തദ്ദേശ തിരഞ്ഞെടുപ്പിൽ അധികൃതർ ചിന്തിച്ചേയില്ല. ഇതിന് വേണ്ടി നിയോഗിക്കപ്പെടേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും മറ്റ് സാമ്പത്തിക ചെലവുകളും വേണ്ടിവരുന്ന സമയദൈർഘ്യവുമൊക്കെ കണക്കിലെടുത്താവാം അതൊഴിവാക്കിയത്. അധികം വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് സംജാതമാവുകയാണ്. അപ്പോഴും വോട്ടു ചെയ്യാനാവാതെ 'കുളത്തിന്റെ കരയ്ക്ക് ഇരിക്കേണ്ടി വരുന്ന' അവസ്ഥ ഒഴിവാക്കാൻ ഇപ്പോഴേ ബന്ധപ്പെട്ട അധികൃതർ ശ്രദ്ധിച്ചാൽ അത് വളരെ നല്ല തീരുമാനമാവും. ആർക്കും വിലയേറിയ വോട്ട് നഷ്ടമാവരുതല്ലോ.
ഇതു കൂടി കേൾക്കണേ
എങ്ങനെയെങ്കിലും ഭൂരിപക്ഷം കിട്ടി അധികാര കസേരയിൽ ചാടിക്കയറാൻ മാത്രം ശ്രദ്ധിക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം. ജനങ്ങളുടെ ആവശ്യങ്ങൾ അറിയാനും കഴിയും വിധം അതു നിറവേറ്റാൻ സഹായിക്കലും രാഷ്ട്രീയ പ്രവർത്തകരുടെ കടമയായി കാണണം.