ആരെ വാഴ്ത്തും, വീഴ്ത്തും...

Friday 12 December 2025 10:10 PM IST

തൃശൂർ : ഇന്ന് വോട്ടെണ്ണൽ ദിനത്തിൽ തിരഞ്ഞെടുപ്പ് ഫലം എങ്ങോട്ട് തിരിയുമെന്ന ആകാംക്ഷയിലാണ് മുന്നണികൾ. നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കുമ്പോൾ, സംസ്ഥാനത്തെ ഭരണമാറ്റത്തിലേക്ക് വരെ വഴിയൊരുക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിക്കുക. പഞ്ചായത്തുകളിൽ വേഗത്തിൽ ഫലമറിയാം. കോർപറേഷന്റെ വോട്ടെണ്ണൽ എൻജിനീയറിംഗ് കോളേജിലാണ്. പത്ത് വർഷമായി ഭരണം കൈയാളുന്ന തൃശൂർ കോർപറേഷൻ, ഹാട്രിക്കോടെ എൽ.ഡി.എഫ് നിലനിറുത്തുമോ, അതോ യു.ഡി.എഫ് തിരിച്ചെടുക്കുമോ... അതോ ഇരു മുന്നണികളെയും അട്ടിമറിച്ച് എൻ.ഡി.എ പിടിക്കുമോ... എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇന്ന് ഉച്ചയോടെ അറിയാം. മുന്നണികൾക്ക് തലവേദനയായി വിമതർ ജയിച്ചു കയറിയാൽ ആരെ തുണക്കും. പ്രത്യേകിച്ചും തൂക്കുസഭയാണെങ്കിൽ. യു.ഡി.എഫിനെ സംബന്ധിച്ച് ഇത് ജീവന്മരണ പോരാട്ടമാണ്. നഷ്ടപ്പെട്ടാൽ മുന്നോട്ടുള്ള പ്രയാണം ദുഷ്‌കരമാകും. എൽ.ഡി.എഫാകട്ടെ പൂർണ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ലെങ്കിലും വലിയ മുന്നണിയെന്ന നിലയിൽ ഭരണം നിലനിറുത്താമെന്ന കണക്കുക്കൂട്ടലിലാണ്. അധികാരം പിടിക്കുമെന്ന അവകാശവാദവുമായി മത്സര രംഗത്തിറങ്ങിയ എൻ.ഡി.എ ക്യാമ്പ് പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം മ്ലാനമാണ്. നിലവിലെ സീറ്റിൽ വർദ്ധനയുണ്ടായില്ലെങ്കിൽ തിരിച്ചടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കാകും. ആറ് മുതൽ പത്ത് വരെയെങ്കിലും സീറ്റ് നേടാനാകുമെന്ന കണക്കു കൂട്ടലാണ് ഒടുവിലുള്ളത്. തിരിച്ചടിയുണ്ടായാൽ എല്ലാ മുന്നണികളിലും വിഴുപ്പലക്കലുണ്ടായേക്കും.

ജില്ലാ പഞ്ചായത്തിൽ അദ്ഭുതമുണ്ടാകുമോ ?

പഞ്ചായത്തുകളിൽ രാഷ്ട്രീയത്തേക്കാൾ ഉപരി വ്യക്തികൾക്ക് പ്രാധാന്യം നൽകുമ്പോൾ, ജില്ലാ പഞ്ചായത്തിലേത് വ്യക്തമായ രാഷ്ട്രീയ വോട്ടാണ്. ഡിവിഷൻ വിഭജനത്തെ തുടർന്ന് സീറ്റുകളുടെ എണ്ണം 30 ആയി. കഴിഞ്ഞതവണ 29 സീറ്റിൽ 25 ഉം എൽ.ഡി.എഫ് കരസ്ഥമാക്കി. ഇത് മറികടക്കാൻ യു.ഡി.എഫിന് സാധിക്കുമോയെന്നതാണ് ഉറ്റുനോക്കുന്നത്. അതേസമയം പല സീറ്റിലും അട്ടിമറി നടക്കുമെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. എൻ.ഡി.എയും ഒരു സീറ്റിൽ വിജയം പ്രതീക്ഷിക്കുന്നു.

നഗരസഭയുടെ ചായ്‌വ് ?

നഗരസഭകളിൽ ഏഴിൽ അഞ്ചും കൈവശമുള്ള എൽ.ഡി.എഫിന് അത് നിലനിറുത്തുക ശ്രമകരമാണ്. എൻ.ഡി.എയ്ക്ക് പ്രതീക്ഷയുള്ള കൊടുങ്ങല്ലൂർ നഗരസഭ ഭരണം ആര് കൈയാളുമെന്നതാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. കോൺഗ്രസ് ഭരണം നിലനിറുത്തിയ ഇരിങ്ങാലക്കുടയിലും ചാലക്കുടിയിലും മാറ്റമുണ്ടാകുമോയെന്നതും പ്രധാനമാണ്. ഇരിങ്ങാലക്കുട, കുന്നംകുളം ഉൾപ്പെടെയുള്ള നഗരസഭകളിൽ എൻ.ഡി.എ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നു. തിരിച്ചടിയുണ്ടായാൽ മുന്നണികളിലെ പല സമവാക്യങ്ങളും തെറ്റും. 69 പഞ്ചായത്തുകളിലെയും 13 ബ്ളോക്കുകളിലെയും ഇടത് മേധാവിത്വം യു.ഡി.എഫിന് തച്ചുതകർക്കാനാകുമോയെന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്.