ഏറ്റമുട്ടൽ നേർക്കുനേർ, ആരാകും വീണ്ടും കൗൺസിലർ?

Saturday 13 December 2025 12:11 AM IST

തൃശൂർ: നേർക്കുനേർ ഏറ്റുമുട്ടുന്ന കൗൺസിലർമാരിൽ ആരൊക്കെ കൗൺസിൽ സ്ഥാനം നിലനിറുത്തും? കാളത്തോട് ഡിവിഷനിൽ നിലവിലുള്ള കൗൺസിലറും ഡെപ്യൂട്ടി മേയറുമായ എം.എൽ. റോസിയും കോൺഗ്രസ് കൗൺസിലറായ ലീല ടീച്ചറുമാണ് ഏറ്റുമുട്ടുന്നത്. ലീല ടീച്ചർ മിഷൻ ക്വാർട്ടേഴ്‌സ് ഡിവിഷനിലാണ് കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ചത്. ഇത്തവണ ആ വാർഡ് ജനറൽ ആയതോടെയാണ് കാളത്തോട് മത്സരിക്കാനെത്തിയത്. എം.എൽ. റോസി കഴിഞ്ഞ ആറ് തവണയായി വിജയിച്ച ഡിവിഷനാണിത്. ഇത് ഏഴാം തവണയാണ് മത്സരിച്ചത്. രണ്ട് പേരിൽ ഒരാളാകും ഇവിടെനിന്ന് വീണ്ടും കോർപറേഷനിലെത്തുക. കൃഷ്ണാപുരത്ത് കൗൺസിലർമാരായ ബീന മുരളിയും ഷീബ ബാബുവുമാണ് ജനവിധി തേടിയത്. കഴിഞ്ഞ തവണ സി.പി.ഐക്കാരിയായ ബീന ഇടതു സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. ഇത്തവണ പാർട്ടി സീറ്റ് കോൺഗ്രസ് എസിന് കൊടുത്തിരുന്നു. ഇതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ബീന മത്സരിക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ്എസ് പ്രതിനിധിയായി നടത്തറ ഡിവിഷനിൽ നിന്നും വിജയിച്ച ഷീബ ബാബു ഇപ്പോൾ കൃഷ്ണാപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. യു.ഡി.എഫിന് വേണ്ടി മുസ്ലീം ലീഗ് സ്ഥാനാർത്ഥി മത്സരിക്കുന്നുണ്ടെങ്കിലും രണ്ട് കൗൺസിലർമാർ തമ്മിലുള്ള ഏറ്റുമുട്ടലാണ് ശ്രദ്ധേയം.