വി.സി. നിയമനവും പിടിവാശികളും
സർവകലാശാലകളുടെ വി.സിമാരെ നിയമിക്കുന്നതു സംബന്ധിച്ച് സർക്കാർ - ഗവർണർ പിടിവാശികളും പോരുകളും ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായിരുന്ന കാലത്താണ് ആദ്യമായി തുടങ്ങിയത്. സുപ്രീംകോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ച് ഒരു ഘട്ടത്തിൽ ഒൻപത് വി.സിമാരുടെയും രാജി അന്നത്തെ ഗവർണർ ആവശ്യപ്പെട്ടതു മുതലാണ് ഇക്കാര്യത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള നേർക്കുനേർ പോര് രൂക്ഷമാകാൻ തുടങ്ങിയത്. സർക്കാരിന്റെ ശുപാർശകൾ തള്ളിക്കളഞ്ഞുകൊണ്ട് ഡോ. സിസാ തോമസിനെ അബ്‌ദുൾകലാം സാങ്കേതിക സർവകലാശാലയുടെ വി.സിയായി ഗവർണറാണ് നിയമിച്ചത്. ഇതിനെത്തുടർന്ന് സിസാ തോമസ് സർക്കാരിന്റെ കണ്ണിലെ കരടായി മാറി എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവവികാസങ്ങൾ.
സേവനകാലാവധി കഴിഞ്ഞ് അവർ പിരിയുന്നതിന്റെ തലേന്ന്, കാരണം കാണിക്കൽ നോട്ടീസ് നൽകുകയും, തുടർന്ന് രണ്ടു വർഷത്തോളം ഗ്രാറ്റുവിറ്റിയും പെൻഷനും തടഞ്ഞുവയ്ക്കുകയും ചെയ്തു. കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും കേസ് നടത്തിയാണ് അവർ ആനുകൂല്യങ്ങൾ സർക്കാരിൽ നിന്ന് പിടിച്ചുവാങ്ങിയത്. ഇതേ സിസാ തോമസ്, സാങ്കേതിക സർവകലാശാലയുടെ വി.സിയായി നിയമിക്കപ്പെടുന്നതിന് ജസ്റ്റിസ് ധൂലിയ കമ്മിറ്റി മുഖ്യമന്ത്രിക്കു കൈമാറിയ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇവരെ സാങ്കേതിക സർവകലാശാലയിൽ വി.സിയായി നിയമിക്കണമെന്നാണ് ഗവർണറുടെ ശുപാർശ. എന്നാൽ ഇതിനോട് സർക്കാർ യോജിക്കുന്നില്ല. ഗവർണർക്കൊപ്പം നിന്ന് സർക്കാരിന് വെല്ലുവിളികൾ സൃഷ്ടിച്ച ഒരു വ്യക്തി എന്ന നിലയിലാണ് സർക്കാർ സിസാ തോമസിനെ വീക്ഷിക്കുന്നതെന്നുവേണം കരുതാൻ. അതുകൊണ്ടുതന്നെ ഡോ. സജി ഗോപിനാഥിനെ വി.സിയായി നിയമിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. ഇതാണ് വീണ്ടും സുപ്രീംകോടതിയിൽ വി.സി പ്രശ്നം വലിച്ചിഴയ്ക്കപ്പെടാൻ ഇടയാക്കിയത്.
സമവായത്തിലൂടെ നിയമനങ്ങൾ നടത്താൻ നിർദ്ദേശിച്ച സുപ്രീംകോടതി, അതിനു കഴിഞ്ഞില്ലെങ്കിൽ വി.സിമാരെ നിയമിക്കുമെന്നും പറഞ്ഞിരുന്നു. സമവായ ശ്രമത്തിന് മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും ഗവർണറെ ലോക്‌ഭവനിൽ സന്ദർശിച്ചിരുന്നെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്. ഡോ. സിസാ തോമസിനെ ഒഴിവാക്കാൻ ഗവർണർ തയ്യാറായിരുന്നെങ്കിൽ മറ്റേത് നിർദ്ദേശവും അംഗീകരിച്ച് സർക്കാർ സമവായം സൃഷ്ടിക്കുമായിരുന്നു എന്നാണ് ഇതുസംബന്ധിച്ച് പുറത്തുവന്ന വാർത്തകളിൽ നിന്ന് മനസിലാകുന്നത്. അതേസമയം, വി.സി നിയമനത്തിൽ സർക്കാരിന് പിടിവാശിയോ പ്രത്യേക താത്‌പര്യമോ ഇല്ലെന്നാണ് മന്ത്രി പി. രാജീവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ചാൻസലർ പിടിവാശി കാണിച്ചതുകൊണ്ടാണ് ചർച്ചകൾ എങ്ങുമെത്താതെ പോയതെന്നാണ് മന്തി ചൂണ്ടിക്കാട്ടിയത്.
സമവായം നടക്കാത്തതിനാൽ ഡിസംബർ 18-ന് വി.സിമാരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. സർവകലാശാലകളുടെ കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാർത്ഥികളുടെ ഭാവിക്കും വി.സി നിയമനം എത്ര വേഗം നടക്കുന്നുവോ, അത്രയും നല്ലതാണ്. ജസ്റ്റിസ് ധൂലിയ കമ്മിറ്റിയാണ് സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലേക്കുള്ള പാനൽ സമർപ്പിച്ചിരിക്കുന്നത് എന്നതിനാൽ അതിൽ ഉൾപ്പെട്ടവരുടെ വൈദഗ്ദ്ധ്യത്തെക്കുറിച്ച് ആർക്കും തർക്കമുണ്ടാകേണ്ട കാര്യമില്ല. അതിനാൽത്തന്നെ സർക്കാരിന്റെയും ഗവർണറുടെയും ഇഷ്ടാനിഷ്ടങ്ങളും ശുപാർശകളും നോക്കിയാവില്ല സുപ്രീംകോടതി തീരുമാനമെടുക്കുക. എന്തായാലും ഈ പ്രശ്നത്തിന് ഉടൻ ഒരു പരിഹാരമാകുന്നത് ആശ്വാസകരമാണ്.