ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് വേണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാവശ്യം ശക്തം. സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയുന്നതിനും, സ്റ്റാൻഡിനുള്ളിൽ വിദ്യാർത്ഥികളെ വളഞ്ഞിട്ടാക്രമിക്കുന്നത് ഒഴിവാക്കുകയുമാണ് ലക്ഷ്യം.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ യാത്രക്കാരുടെ ദേഹത്ത് ബസ് കയറി ഒരാൾ മരിക്കുകയും, മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ അക്രമം നടത്തുമ്പോൾ സ്റ്റാൻഡിനുള്ളിലെ കടകൾക്ക് നേരെയും ആക്രമണമുണ്ടാകാറുണ്ട്.പൊലീസിനെ അറിയിച്ചാലും ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കാരണം ഡിവൈഡറുകൾ മുറിച്ച് പൊലീസ് ജീപ്പ് സ്റ്റാൻഡിലെത്തുമ്പോൾ സംഘം സ്ഥലം വിട്ടിരിക്കും.
പരിക്ക് പറ്റിയ വിദ്യാർത്ഥികളെ പലപ്പോഴും അവിടെയുള്ള കടക്കാരാണ് ആശുപത്രിയിലെത്തിക്കുന്നത്. വിദ്യാർത്ഥികൾക്ക് മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നവരും മയക്കുമരുന്നിന് അടിമകളായവരും സ്റ്റാൻഡിനുള്ളിൽ കറങ്ങി നടക്കുന്നുണ്ടെന്നാണ് യാത്രക്കാരും, പ്രദേശവാസികളും പറയുന്നു. ഇത്തരക്കാരെ സ്റ്റാൻഡിൽ നിന്നൊഴിവാക്കാനായി സ്ഥിരം പൊലീസ് സംവിധാനവും,സി.സി ടിവി ക്യാമറകളും,വേണ്ടത്ര ലൈറ്റുകളും വേണമെന്നാവശ്യവും ശക്തമാണ്.പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ആറ്റിങ്ങൽ പൊലീസ് സന്നദ്ധമാണെങ്കിലും സ്റ്റാൻഡിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭയൊരുക്കാത്തതാണ് പദ്ധതി നീളാൻ കാരണം.
സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം
സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിനും,അമിത വേഗത നിയന്ത്രിക്കുന്നതിനും സമയക്രമത്തെ ചൊല്ലി ജീവനക്കാരുടെ കൈയാങ്കളികൾ ഒഴിവാക്കാനും പൊലീസിന്റെ സേവനം അനിവാര്യം.
നഗരസഭയുടെ അനുമതി തേടി
സ്റ്റാൻഡിൽ അക്രമസംഭവങ്ങൾ കൂടി വന്നതോടെ ആറ്റിങ്ങൽ പൊലീസ് എസ്.എച്ച്.ഒ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റ് തുടങ്ങുന്നതിന് നഗരസഭയുടെ അനുമതി തേടിയിരുന്നു.സ്റ്റാൻഡിലെ കെട്ടിടത്തിലോ പുറത്തോ എയ്ഡ് പോസ്റ്റ് തുടങ്ങാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികളുണ്ടായില്ല. രാവിലെ മുതൽ വൈകിട്ടുവരെ പൊലീസിന്റെ സാന്നിദ്ധ്യവും ഇവിടെ ഉണ്ടാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.നിലവിൽ ചില സമയങ്ങളിൽ പിങ്ക് പൊലീസിന്റെ സാന്നിദ്ധ്യം സ്റ്റാൻഡ് പരിസരത്തുണ്ടെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
നഗരസഭാ ബസ് സ്റ്റാൻഡിൽ അടിക്കടിയുണ്ടാകുന്ന അക്രമസംഭവങ്ങൾ ഒഴിവാക്കാൻ,പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം.
അനിൽ ഊരുപൊയ്ക,
സാമൂഹിക പ്രവർത്തകൻ