നവ്യാനുഭവമായി 'നിഴൽപ്പാവകളി"

Saturday 13 December 2025 12:00 AM IST

നെടുമങ്ങാട്: പരമ്പരാഗത കഥയും ആധുനിക കഥപറച്ചിലിന്റെ സാദ്ധ്യതകളും പരിചയപ്പെടുത്തുന്ന 'തോലു ബൊമ്മലാട്ടം' അഥവാ നിഴൽപ്പാവകളി നവ്യാനുഭവമായി. സെന്റർ ഫോർ പപ്പെട്രി ആൻഡ് പെർഫോമിംഗ് ആർട്‌സ് സംഘടിപ്പിച്ച സ്ട്രിംഗ് ഓഫ് ഇമാജിനേഷൻ പാവകളിയുടെ ഭാഗമായാണ് തോലു ബൊമ്മലാട്ടം അരങ്ങേറിയത്. പല വർണങ്ങളിൽ ചായം കൊടുത്ത പാവകളാണ് ബൊമ്മലാട്ടത്തിൽ നിരന്നത്.കഥ ചൊല്ലലിന് പക്കമേളം അകമ്പടിയായി. നിരവധി പപ്പറ്റ് ഗ്രൂപ്പുകളും കലാകാരന്മാരും പങ്കെടുത്ത പാവകളുടെ പ്രദർശനവും നടന്നു. എക്സിബിഷനിൽ ചെന്നൈ ശെൽവരാജ ഷാഡോ പപ്പറ്റ് ഗ്രൂപ്പ് മാസ്റ്റർ എ.ശെൽവരാജ് നേതൃത്വം നൽകി.നെടുമങ്ങാട് ചിൽഡ്രൻസ് അക്കാഡമി ഡയറക്ടർ പി.വേണുഗോപാലൻ നായർ പാവ നിർമ്മിതിയെപ്പറ്റി സംസാരിച്ചു.പത്മശ്രീ രാമചന്ദ്ര പുലവർ,കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീനിവാസ് കുന്നമ്പലത്ത്,എം.എം.ജോസഫ്, സതീഷ്.കെ.സതീഷ്, രാപ്രസാദ്, രാധാകൃഷ്ണൻ പേരാമ്പ്ര,അജിത് ആയഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.