തൊഴിലിടത്തെ ലൈംഗികാതിക്രമം, കുറ്റാരോപിതന്റെ വകുപ്പിൽ തന്നെ പരാതിപ്പെടണമെന്നില്ല
ന്യൂഡൽഹി: തൊഴിലിടത്ത് ലൈംഗികാതിക്രമമുണ്ടായാൽ കുറ്റാരോപിതൻ ജോലി ചെയ്യുന്ന വകുപ്പിൽതന്നെ ജീവനക്കാരി പരാതി നൽകണമെന്ന് നിർബന്ധമില്ലെന്ന് സുപ്രീംകോടതി. തൊഴിലിടങ്ങളിലെ ലൈംഗികാത്രികമം തടയാൻ ലക്ഷ്യമിട്ട പ്രിവൻഷൻ ഒഫ് സെക്ഷ്വൽ ഹരാസ്‌മെന്റ് (പോഷ്) നിയമമുപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലാണ് കോടതി വ്യക്തത വരുത്തിയത്. അതിക്രമം കാണിച്ച ജീവനക്കാരന്റെ വകുപ്പിൽ പരാതി നൽകാം. ഇതിൽ ആഭ്യന്തര പരാതി സമിതിക്ക് (ഐ.സി.സി) അന്വേഷണമാരംഭിക്കാം. അതുകൂടാതെ ജീവനക്കാരിക്ക് അവർ ജോലിചെയ്യുന്ന ഡിപ്പാർട്ടുമെന്റിലും കുറ്റാരോപിതൻ നിരന്തരം സന്ദർശിക്കുന്ന സൈറ്റുകളിലും പരാതിപ്പെടാം. ഇതിലും ഐ.സി.സിക്ക് അന്വേഷണമാരംഭിക്കാമെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അക്രമി ജോലി ചെയ്യുന്ന വകുപ്പിൽ തന്നെ പരാതിപ്പെടണമെന്ന് നിർബന്ധിക്കുന്നത് ഇരയെ മാനസികമായി ബുദ്ധിമുട്ടിലാക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഐ.ആർ.എസ് ഓഫീസർ തൊഴിലിടത്തിൽ ലൈംഗികാതിക്രമം കാട്ടിയെന്ന ഐ.എ.എസ് ഉദ്യോഗസ്ഥയുടെ കേസ് പരിഗണിക്കുകയായിരുന്നു കോടതി. സ്വന്തം വകുപ്പിൽ പരാതി നൽകിയെങ്കിലും പരിഗണിച്ചില്ല. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഡൽഹി ഹൈക്കോടതിയിലും തിരിച്ചടിയുണ്ടായതോടെ ഉദ്യോഗസ്ഥ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.