അരൂർ ഉയരപ്പാത: സർവീസ് റോഡിൽ സൈക്കിൾ പാതയുടെ നിർമ്മാണം തുടങ്ങി
തുറവൂർ: തുറവൂർ - അരൂർ ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി സർവീസ് റോഡിൽ കാന നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ സൈക്കിൾ പാതയുടെ നിർമ്മാണം തുടങ്ങി. കാനയോട് ചേർന്ന് കോൺക്രീറ്റ് ഇന്റർലോക്ക് കട്ട ഉപയോഗിച്ചാണ് സൈക്കിൾ പാതയൊരുക്കുന്നത്.തുറവൂർ മുതൽ അരൂർ വരെ 12.75 കിലോമീറ്റർ പാതയുടെ ഇരുവശങ്ങളിലുമാണ് സൈക്കിൾ പാത നിർമ്മിക്കുന്നത്. 25.5 കിലോമീറ്ററാണ് നീളം. 1.5 മീറ്റർ മുതൽ 2.5 മീറ്റർ വരെയാണ് വീതി. ഇടറോഡുകളിൽ നിന്ന് പാതയിലേക്ക് കയറുന്ന ഭാഗങ്ങളിൽ വീതി കൂടുതലാണ്.ഇതിനായുള്ള കോൺക്രീറ്റ് ഇന്റർലോക്ക് ടൈലുകൾ ഇറക്കിത്തുടങ്ങി.
തുറവൂർ ജംഗ്ഷന്റെ വടക്കുഭാഗത്ത് 343–ാം നമ്പർ പില്ലർ മുതൽ വടക്കോട്ടുള്ള പാതയുടെ ഇരുവശങ്ങളിലുമാണ് കോൺക്രീറ്റ് ടൈൽ വിരിക്കാൻ തുടങ്ങിയത്. പാതയുടെ പുനർ നിർമ്മാണവും ഇതിനൊപ്പം നടക്കുന്നുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ കാനയും പൊതു തോടുകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് നിർമ്മാണ പൂർത്തിയായിട്ടില്ല.
കരാർ കാലാവധി
ഇനി അഞ്ചുമാസം
ഉയരപ്പാതയുടെ നിർമ്മാണം കരാർ അവസാനിക്കാൻ ഇനി അഞ്ചുമാസം മാത്രമാണ് ശേഷിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്ന ഭാഗങ്ങളിൽ ദേശീയപാതയും നവീകരണവും ഒരുമിച്ചു കൊണ്ടുപോകുകയാണ് ലക്ഷ്യം. തുറവൂർ കവല മുതൽ വടക്കോട്ട് പടിഞ്ഞാറ് പാതയിൽ എൻ.സി.സി റോഡ് വരെയുള്ള ഭാഗത്തെ നിലവിലെ ടാറിംഗ് പൊളിച്ചുനീക്കിയുള്ള നവീകരണ ജോലികൾ പുരോഗമിക്കുന്നു. തുറവൂർ കവല മുതൽ പാട്ടുകുളങ്ങര വരെയുള്ള ഭാഗത്തെ ഉയരപ്പാതയുടെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.