കുട്ടനാട് ഇക്കുറി ആർക്കൊപ്പം? അറിയാൻ ഇനി മണിക്കൂറുകൾ
കുട്ടനാട്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്‌ക്കുള്ള തിരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ ഇഞ്ചോടിഞ്ച് മത്സരം നടന്ന കൈനകരി, രാമങ്കരി, നീലംപേരൂർ, മുട്ടാർ തുടങ്ങിയ പഞ്ചായത്തുകളുടെയും ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലെ വിവിധ ഡിവിഷനുകളുടെയും ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.
സി.പി.എമ്മിന്റെ കുത്തകയായ കൈനകരി പഞ്ചായത്ത് ഇക്കുറി എങ്ങനെയും തിരിച്ച് പിടിക്കണമെന്ന വാശിയിലായിരുന്നു യു.ഡി.എഫ്. എന്നാൽ ഇരുകൂട്ടരെയും ഞെട്ടിച്ചുകൊണ്ട് വൻ വിജയം നേടാനുള്ള ഒരുക്കത്തിലായിരുന്നു എൻ.ഡി.എ. അതുകൊണ്ട് തന്നെ എല്ലാ വാർഡിലും കടുത്ത മത്സരമാണ് നടന്നത്.
ഇതിലും ഏറെ വാശി പ്രകടമായ പഞ്ചായത്താണ് രാമങ്കരി. കഴിഞ്ഞ 25 വർഷമായി എൽ.ഡി.എഫിനായിരുന്നു ഭരണം. എന്നാൽ, മുന്നണിയിലെ പ്രധാന കക്ഷികളായ സി.പി.എമ്മും സി.പി.ഐയും മിക്ക വാർഡുകളിലും പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഇക്കുറി കണ്ടത്. ഇത് മുതലെടുക്കാൻ എൻ.ഡി.എയും രംഗത്തെത്തിയതോടെ
തീ പാറുന്ന പോരാട്ടമാണ് നടന്നത്.
നീലംപേരൂർ പഞ്ചായത്തിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഇവിടെ സി.പി. എമ്മിന്റെ ഏറ്റവും മുതിർന്ന നേതാവിനെതിരെ സ്വന്തം യുവജനസംഘടനയായ ഡി. വൈ.എഫ്.ഐയുടെ നേതാവുപോലും വിമത സ്വരമുയർത്തി രംഗത്തുവന്നു. മുട്ടാർ പഞ്ചായത്തിൽ സി.പി.എമ്മും സി.പി.ഐയും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായി.
ഇതുകൂടാതെ, പുളിങ്കുന്ന് ഉൾപ്പെടെയുള്ള മറ്റ് പല പഞ്ചായത്തുകളിലും സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇരുമുന്നണികൾക്കുള്ളിലും അസംതൃപ്തി പുകഞ്ഞിരുന്നു. ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൂടാതെ പുതിയ വോട്ടർമാരിൽ ഒരു വിഭാഗം ആക്കും കൊടുക്കാതെ നിസംഗരായി നോക്കി നന്നതും തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ സ്വാധീനിച്ചിട്ടുണ്ടെന്നത് ഫലം വരുമ്പോൾ മാത്രമേ വ്യക്തമാകു. ഇതിനൊക്കെ പുറമേ, സ്വതന്ത്രരെ ജനം കൊള്ളുമോ, തള്ളുമോ എന്നതും ഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.