അപകട മുനമ്പായി മുക്കോലയ്ക്കൽ ബൈപ്പാസ് ജംഗ്ഷൻ
വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല
കുളത്തൂർ: കഴക്കൂട്ടം ദേശീയപാത 66ലെ ടെക്നോപാർക്കിന് സമീപത്തെ മുക്കോലയ്ക്കൽ ബൈപ്പാസ് ജംഗ്ഷനിൽ അപകടങ്ങൾ വർദ്ധിക്കുന്നു. സർവീസ് റോഡുകൾ ഉൾപ്പെടെ 12 റോഡുകൾ കൂടിച്ചേരുന്ന ഇവിടെ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളില്ല. ഇവിടെ അശാസ്ത്രീയമായാണ് സിഗ്നൽ സംവിധാനമെന്നും പരാതിയുണ്ട്. ബൈപ്പാസ് റോഡ് വന്നതോടെ നൂറുകണക്കിന് അപകടങ്ങളാണ് നടന്നത്. നിരവധിപേർക്ക് ജീവനും നഷ്ടമായി. മതിയായ സുരക്ഷാ മുൻകരുതലുകളും ഇല്ല. തിരക്കുള്ള ഈ ജംഗ്ഷനിൽ സിസി.ടിവി ക്യാമറ സംവിധാനം ഇല്ലാത്തതിനാൽ സിഗ്നൽ ലംഘനങ്ങളും അപകടങ്ങളും നടക്കുന്നുണ്ട്. ഏറെ തിരക്കുണ്ടായിട്ടും ഇവിടെ പൊലീസിന്റെ സേവനവുമില്ല.
സിഗ്നൽ തോന്നുംപടി
മുക്കോലയ്ക്കൽ ജംഗ്ഷനിൽ 12 റോഡുകളിലൂടെ വന്നുചേരുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻതക്ക ക്രമീകരണം നിലവിലെ സിഗ്നൽ സംവിധാനത്തിനില്ല. രാത്രിയായാൽ സിഗ്നൽ സംവിധാനം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുമില്ല. പല ഭാഗത്തുനിന്നും വരുന്ന വാഹന യാത്രികരെ കുഴപ്പിക്കുന്ന തരത്തിലാണ് സിഗ്നൽ സംവിധാനം. സിഗ്നൽ തെളിഞ്ഞാൽ എങ്ങോട്ടു തിരിയണമെന്ന ആശങ്കയിലാണ് യാത്രക്കാർ.
മുക്കോലയ്ക്കൽ ജംഗഷന് സമീപത്തെ സർവീസ് റോഡുകൾ കൈയേറി അനധികൃത പാർക്കിംഗ്
കുളത്തൂർ ഭാഗത്തുനിന്ന് മുക്കോലയ്ക്കൽ ജംഗ്ഷനിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകളും, ഐ.എസ്.ആർ.ഒ ബസുകളും മണിക്കൂറുകളോളം ബ്ലോക്കിൽപ്പെട്ട് കിടക്കാറുണ്ട്.