കരൂർ ദുരന്തം: മദ്രാസ് ഹൈക്കോടതിക്ക് എതിരെ സുപ്രീംകോടതി

Saturday 13 December 2025 1:05 AM IST

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് സ്വീകരിച്ച നടപടികളിൽ അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി. മദ്രാസ് ഹൈക്കോടതിയിൽ എന്തോ കുഴപ്പങ്ങൾ സംഭവിക്കുന്നുവെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി,​ വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഹൈക്കോടതി രജിസ്ട്രാർ സുപ്രീംകോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പരിശോധിച്ച ശേഷമാണിത്. റിപ്പോർട്ടിന്റെ പകർപ്പ് കക്ഷികൾക്ക് നൽകാൻ നിർദ്ദേശം നൽകി. കക്ഷികൾ നിലപാടറിയിക്കണം. ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ,ടി) രൂപീകരിക്കാൻ ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ നടപടി ചോദ്യം ചെയ്‌ത് നടൻ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ പാർട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

സി.ബി.ഐ അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി ഒക്ടോബർ മൂന്നിന് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളി. അന്നേദിവസം ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് എസ്.ഐ.ടി രൂപീകരിക്കാൻ ഉത്തരവിട്ടു. ദുരന്തവുമായി ബന്ധപ്പെട്ട ഹ‌ർജി മധുര ബെഞ്ച് തള്ളിയ സാഹചര്യത്തിൽ എന്തിനാണ് മറ്റൊരു ഹർജിയിൽ പ്രിൻസിപ്പൽ ബെഞ്ച് ഇടപെട്ടതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. റാലികൾ നടത്തുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേക മാർഗരേഖ പുറപ്പെടുവിക്കണമെന്ന ഹർജിയിലാണ് എസ്.ഐ.ടി രൂപീകരിക്കാനുള്ള ഉത്തരവെന്നും നിരീക്ഷിച്ചു. പിന്നാലെ ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.

ഉത്തരവ്

പരിഷ്‌ക്കരിക്കില്ല

ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷന്റെ പ്രവർത്തനം മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന് തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി വഴങ്ങിയില്ല. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ശുപാർശ ചെയ്യാൻ മാത്രമാണ് സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചതെന്ന് തമിഴ്നാട് വാദിച്ചു. സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്ന സി.ബി.ഐ അന്വേഷണത്തിൽ ഇടപെടില്ലെന്നും അറിയിച്ചു. എന്നാൽ വിധി പരിഷ്ക്കരിക്കാനാകില്ലെന്ന് രണ്ടംഗബെഞ്ച് നിലപാടെടുത്തു . കഴിഞ്ഞ സെപ്‌തംബർ 27ലെ ടി.വി.കെ റാലിക്കിടെ 41 പേർ മരിക്കുകയും, 100ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.