രാഹുലിനെ  മാറ്റി  പ്രിയങ്കയെ നേതാവാക്കാൻ  കത്ത്, സോണിയയ്ക്ക്  കത്ത്  അയച്ചത് ഒഡീഷ മുൻ എം.എൽ.എ

Saturday 13 December 2025 1:06 AM IST

ന്യൂഡൽഹി: അദ്ധ്യക്ഷനെന്ന നിലയിൽ മല്ലികാർജ്ജുന ഖാർഗെ പരാജയമാണെന്നും രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്കാ ഗാന്ധിക്ക് പ്രാധാന്യം നൽകണമെന്നും ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ഒഡീഷ മുൻ എം.എൽ.എയുടെ കത്ത്. ബാരാബതി-കട്ടക്കിലെ മുഹമ്മദ് മോക്വിമാണ് കത്തെഴുതിയത്. മകൾ സോഫിയ ഫിർദൗസാണ് ഇവിടെ പാർട്ടി എം.എൽ.എ.

പാർട്ടി ദുഷ്‌കരമായ ഘട്ടത്തിലൂടെ കടന്നുപോകുകയാണ്. 83 വയസ്സുള്ള മല്ലികാർജുൻ ഖാർഗെയ്‌ക്ക് യുവാക്കളെ ആകർഷിക്കാൻ കഴിയുന്നില്ല. പ്രവർത്തകരും നേതാക്കളും തമ്മിൽ അകലുന്നു. മൂന്നു വർഷം ശ്രമിച്ചിട്ടും രാഹുൽ ഗാന്ധിയെ കാണാൻ തനിക്ക് സാധിച്ചില്ല. ഇത് രാജ്യമെമ്പാടുമുള്ള നേതാക്കൾ അനുഭവിക്കുന്ന പ്രശ്‌നമാണ്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും എല്ലാവരെയും ചേർത്തു നിർത്തിയിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദിയോറ, ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയ നേതാക്കൾ അവഗണന മൂലം പാർട്ടിവിട്ടു. യുവ നേതാക്കളെ മുന്നിൽ കൊണ്ടുവരണം. പ്രിയങ്കാ ഗാന്ധിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കണം. ശശിതരൂർ, രേവന്ത റെഡ്ഡി, ഡി.കെ. ശിവകുമാർ, സച്ചിൻ പൈലറ്റ് എന്നിവരെയും മുന്നിൽ കൊണ്ടുവരണമെന്ന് കത്തിൽ പറയുന്നു.

ബിഹാർ, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ഫലങ്ങൾ സംഘടനാപരമായ പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ്. തെറ്റായ തീരുമാനങ്ങൾ, തെറ്റായ നേതാക്കളിൽ ഉത്തരവാദിത്തം തുടർച്ചയായി കേന്ദ്രീകരിക്കൽ എന്നിവ പാർട്ടിയെ ദുർബലപ്പെടുത്തി. ഇവ തിരുത്തുന്നതിനുപകരം, ആവർത്തിക്കുകയാണ്. അതിന്റെ അനന്തരഫലങ്ങൾ രാജ്യമെമ്പാടും ദൃശ്യമാണെന്നും മുഹമ്മദ് മോക്വിം പറയുന്നു. കത്ത് ബി.ജെ.പി ആയുധമാക്കി.