അംഗോളയിലെ അത്ഭുതം... കലാണ്ടുല

Saturday 13 December 2025 1:47 AM IST

ലുവാണ്ട: ലോകപ്രശസ്തമായ വെള്ളച്ചാട്ടം എന്ന് കേൾക്കുമ്പോൾ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ നയാഗ്രയെ ആകും പലരും ഓർക്കുക. നയാഗ്രയെ പോലെ തന്നെ പ്രകൃതി ഭംഗിയും വലിപ്പവും കൊണ്ട് വേറിട്ട് നിൽക്കുന്ന മറ്റ് വെള്ളച്ചാട്ടങ്ങളും ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. ഇവയിൽ ചിലതാകട്ടെ, അധികം ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയവയാണ്.

അത്തരത്തിൽ ഒന്നാണ് അംഗോളയിലെ മലാൻജെ പ്രവിശ്യയിലുള്ള കലാണ്ടുല വെള്ളച്ചാട്ടം. ആഫ്രിക്കയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണിത്. 5,604 അടി വീതിയുള്ള വിക്ടോറിയയാണ് പട്ടികയിൽ ഒന്നാമത്. അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിൽ നിന്ന് 400 കിലോമീറ്റർ അകലെ കിഴക്കായാണ് കലാണ്ടുലയുടെ സ്ഥാനം.

344 അടി ഉയരവും 1,300 അടി വീതിയുമുള്ള കലാണ്ടുലയിൽ നിന്ന് താഴേക്ക് കുതിക്കുന്ന വെള്ളം കൂറ്റൻ പാറകളിൽ തട്ടി ചിതറുന്നത് കാണാൻ ഏറെ മനോഹരമാണ്. പണ്ടുകാലത്ത് കലാണ്ടുലയെ പുണ്യസ്ഥലമായി കണക്കാക്കിയിരുന്ന തദ്ദേശീയർ ഇവിടെ പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ നടത്തിയിരുന്നു. കലാണ്ടുലയിലെ വെള്ളം വറ്റാറില്ല.

പാറകൾ നിറഞ്ഞ പാതയിലൂടെ 30 മിനിറ്റോളം നടന്നു വേണം കലാണ്ടുല സ്ഥിതി ചെയ്യുന്ന ലുകാല നദി പ്രദേശത്തേക്ക് ടൂറിസ്റ്റുകൾക്ക് എത്താൻ. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അഭാവം മൂലം ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ പൂർണമായും പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല.