ബ്രിട്ടനിലെ മ്യൂസിയത്തിൽ മോഷണം ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പെടെ കൊള്ളയടിച്ചു
ലണ്ടൻ: ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിനുശേഷം ബ്രിട്ടണിലെ മ്യൂസിയത്തിലും വൻ മോഷണം. ബ്രിസ്റ്റോളിലുള്ള മ്യൂസിയത്തിൽ നടന്ന മോഷണത്തിൽ നഷ്ടമായത് ഇന്ത്യയിൽ നിന്നെത്തിച്ച പുരാവസ്തുക്കൾ ഉൾപ്പെടെ 600ലധികം അമൂല്യ വസ്തുക്കൾ. സെപ്തംബർ 25ന് പുലർച്ചെയാണ് ഒരു സംഘം കൊള്ളയടിച്ചത്. സംഭവം നടന്ന് രണ്ടുമാസത്തിനുശേഷമാണ് പൊലീസ് വിവരം പുറത്തുവിടുന്നത്. സി.സി.ടിവി ദൃശ്യങ്ങളിൽ നാല് പേരുടെ സംഘമാണ് കൊള്ളയടിച്ചതെന്ന് തെളിഞ്ഞു. ഇവരുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
ബാഡ്ജുകൾ, ആഭരണങ്ങൾ, മെഡലുകൾ, ആനക്കൊമ്പിൽ നിർമ്മിച്ച ബുദ്ധ വിഗ്രഹം, വെള്ളി പാത്രങ്ങൾ, വെങ്കല പ്രതിമകൾ, ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിളും തുടങ്ങിയ പുരാവസ്തുക്കളാണ് കൊള്ളയടിച്ചത്. വലിയ നഷ്ടമാണെന്ന് അധികൃതർ പറഞ്ഞു. പല വസ്തുക്കളും സംഭാവനയായി ലഭിച്ചതാണ്. അതേസമയം,മോഷണം നടന്ന വിവരം പുറത്തറിയിക്കാൻ പൊലീസ് വൈകിയതിന്റെ കാരണം വ്യക്തമല്ല.