ഇന്ത്യയെ ഉൾപ്പെടുത്തി സി 5ന് ട്രംപിന്റെ നീക്കം

Saturday 13 December 2025 2:29 AM IST

വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെ ലോകശക്തികളെ ഉൾപ്പെടുത്തി പുതിയ സഖ്യം രൂപീകരിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. യു.എസ്, ഇന്ത്യ, റഷ്യ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളാണുള്ളത്. കോർ ഫൈവ് അഥവാ സി 5 എന്നാണ് ലോകശക്തികളുടെ പുതിയ കൂട്ടായ്മയെ അറിയപ്പെടുക.നിലവിലുള്ള യൂറോപ്പ് കേന്ദ്രീകൃതമായ ജി 7, മറ്റ് പരമ്പരാഗത ജനാധിപത്യ, സമ്പത്ത് അധിഷ്ഠിത ഗ്രൂപ്പുകൾ എന്നിവയെ സി 5 കടത്തിവെട്ടുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഇതിന്റെ ഔദ്യോഗിക സ്ഥീരികരണമുണ്ടായിട്ടില്ല. കഴിഞ്ഞയാഴ്ച വൈറ്റ് ഹൗസ് പ്രസിദ്ധീകരിച്ച ദേശീയ സുരക്ഷാതന്ത്രത്തിന്റെ പ്രസിദ്ധീകരിക്കാത്ത പതിപ്പിലാണ് പുതിയ ശക്തിഗ്രൂപ്പിന്റെ ആശയം ഉയർന്നുവന്നതെന്ന് അമേരിക്കൻ പ്രസിദ്ധീകരണമായ പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. സമ്പന്നവും ജനാധിപത്യ ഭരണമുള്ളതുമായ രാജ്യങ്ങൾ എന്ന ജി 7ന്റെ വ്യവസ്ഥകൾക്കതീതമായ പ്രധാന ശക്തികളുടെ പുതിയ സംഘടന സൃഷ്ടിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

ജി 7 പോലെ, പ്രത്യേക വിഷയങ്ങളിലുള്ള ഉച്ചകോടികൾ സി 5. മിഡിൽ ഈസ്റ്റിലെ സുരക്ഷ, പ്രത്യേകിച്ച് ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം സാധാരണനിലയിലാക്കുക എന്നതാണ് നിർദ്ദിഷ്ട സി5 അജൻഡയിലെ ആദ്യത്തേത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ ആശയം ‘ട്രംപ് സ്വഭാവ’മുള്ളതാണെന്നും സി 5ന്റെ സൃഷ്ടി വൈറ്റ് ഹൗസിന് അനുയോജ്യമാണെന്നുമാണ് ദേശീയ സുരക്ഷ വിദഗ്ധരുടെ അഭിപ്രായം. രണ്ടാം ട്രംപ് ഭരണകൂടം ലോകക്രമത്തെ എത്രത്തോളം അട്ടിമറിക്കാൻ ഉദ്ദേശിക്കുന്നു എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് സി5 നെ കുറിച്ചുള്ള റിപ്പോർട്ട് വരുന്നത്. റഷ്യയെ യൂറോപ്പിന് മുകളിൽ ഉയർത്തുന്നതിലൂടെയും പടിഞ്ഞാറൻ ഐക്യത്തെയും നാറ്റോയുടെ ഭദ്രതയെയും ദുർബലപ്പെടുത്തുന്നതിലൂടെയും ശക്തരായ രാഷ്ട്രങ്ങൾക്ക് അംഗീകാരം നൽകുന്ന നീക്കമായി യു.എസ് സഖ്യകക്ഷികൾ ഇതിനെ കാണുന്നു.

ജി 7ന് ബദലോ

100 മില്യനിലധികം ജനസംഖ്യയുള്ള യു.എസ്, ചൈന, റഷ്യ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘കോർ ഫൈവ്’ അഥവാ ‘സി5’ എന്ന അറിയപ്പെടുന്ന സഖ്യം രൂപീകരിക്കാനാണ് ആശയം ലക്ഷ്യമിടുന്നത്. ജി7 ഉച്ചകോടിക്ക് സമാനമായി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഉച്ചകോടികളിൽ പതിവായി യോഗം ചേരും. മിഡിൽ ഈസ്റ്റിലെ സുരക്ഷ, ഇസ്രയേലും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നിവയാണ് ‘സി5’ന്റ് ആദ്യ അജൻഡ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.